ക്ഷേത്രത്തിൽ മോഷണം: യുവാവ് അറസ്റ്റിൽ
1453591
Sunday, September 15, 2024 6:35 AM IST
കോട്ടയം: ക്ഷേത്രത്തിൽ കയറി യജ്ഞാചാര്യന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കാഞ്ഞിരപ്പാറ എരുമത്തല പെരുംകാവുങ്കൽ മുകേഷ് കുമാർ (കണ്ണൻ-36) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഓഗസ്റ്റ് 25ന് പുലർച്ചെ രണ്ടോടുകൂടി മാങ്ങാനം വിജയപുരം പടച്ചിറ ഭാഗത്തുള്ള പടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹം നടത്തിക്കൊണ്ടിരുന്ന സ്റ്റേജിന്റെ വിഗ്രഹത്തിനു മുൻപിൽ ഉരുളിയിൽ വച്ചിരുന്ന ദക്ഷിണയായി കിട്ടിയിരുന്ന 8,000 രൂപയും ഇതിനടുത്തായി യജ്ഞാചാര്യന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്നു ഗ്രാം തൂക്കം വരുന്ന സ്വർണ മോതിരവും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
പരാതിയെത്തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ പിടികൂടുകയായിരുന്നു. ഇയാൾക്ക് കറുകച്ചാൽ, കോട്ടയം ഈസ്റ്റ്, പാമ്പാടി, മണിമല എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.