ഖാദി ഗ്രാമവ്യവസായ രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യ : ചാസില്‍ സംരംഭകത്വ ക്യാമ്പ്
1453346
Saturday, September 14, 2024 7:03 AM IST
ചങ്ങനാശേരി: കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷന് ചാസ് ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന വ്യവസായ സംരംഭകത്വ ക്യാമ്പ് സംഘടിപ്പിച്ചു. എസ്ബി കോളജ് കല്ലറയ്ക്കല്‍ ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ കമ്മീഷന് സംസ്ഥാന ഡയറക്ടര്‍ സി.ജി. ആണ്ടവര്‍ നിര്‍വഹിച്ചു.
ഗ്രാമീണ വ്യവസായ സംരംഭങ്ങളില്‍ പുതിയ ടെക്നോളജി ഉപയോഗിച്ച് സ്വയം തൊഴില്‍സംരംഭങ്ങള്‍ വളര്‍ന്നുവരേണ്ടത് നാടിന്റെ പുരോഗതിക്ക് അനിവാര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനായി 35 ശതമാനംവരെ സബ്സിഡി നല്‍കിക്കൊണ്ട് പിഎംഇജിപി പോലുള്ള പദ്ധതികള്‍ ഖാദി ഗ്രാമവ്യവസായ കമ്മീഷന് കേരള ത്തിലെ എല്ലാ ജില്ലകളിലും പ്രാത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാസ് ഖാദി ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ഖാദി കമ്മീഷന് അസിസ്റ്റന്റ് ഡയറക്ടര്‍ പി.എസ്. ഗണേശന് ക്ലാസ് നയിച്ചു. ചങ്ങനാശേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബീന ജിജന്, അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ചാസ് ഖാദി ജനറല്‍ മാനേജര്‍ ജോണ്‍ സക്കറിയാസ്, ഖാദി ഗ്രാമോദ്യോഗ് വിദ്യാലയ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ശശികുമാര്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്ന് പുതിയ ടെക്നോളജി ഉപയോഗിച്ച് വിവിധ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള 150 ഓളം പേരാണ് സെമിനാറില്‍ പങ്കെടുത്തത്. മല്ലപ്പള്ളി ഖാദി വിദ്യാലയത്തിലെ സ്റ്റാഫംഗങ്ങള്‍ നേതൃത്വം നല്കി.