കോട്ടയം ടെക്സ്റ്റൈൽസ് ജീവനക്കാർക്ക് ഈ ഓണക്കാലം ദുരിതകാലം
1453328
Saturday, September 14, 2024 6:50 AM IST
ഏറ്റുമാനൂർ: കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ കോട്ടയം ടെക്സ്റ്റൈൽസിലെ ജീവനക്കാരുടെ വീടുകളിൽ അടുപ്പിലെ കനലണഞ്ഞു. കഴിഞ്ഞ മാർച്ച് 20 മുതൽ കമ്പനി ലേ ഓഫിലാണ്. വൈദ്യുതി ചാർജ് ഇനത്തിൽ 38 ലക്ഷം രൂപ കുടിശിക വന്നതോടെയായിരുന്നു കെഎസ്ഇബിയുടെ നടപടി.
ലേ ഓഫിന്റെ പേരിൽ എല്ലാ ദിവസവും തൊഴിലാളികളെക്കൊണ്ട് ഒപ്പ് ഇടുവിക്കുന്നുണ്ട്. എന്നാൽ യാതൊരു ആനുകൂല്യങ്ങളും അവർക്ക് നൽകുന്നില്ല. ലേ ഓഫിനു മുമ്പുള്ള രണ്ടു മാസത്തെ ശമ്പളവും കുടിശികയാണ്. അതുപോലും നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു.
കുടിശിക തീർത്ത് കമ്പനി പ്രവർത്തിപ്പിക്കാൻ കമ്പനി അധികൃതരുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പ്രതിസന്ധി അനിശ്ചിതമായി നീളുകയാണ്. ഓണമായിട്ടുപോലും തൊഴിലാളികളെ തിരിഞ്ഞുനോക്കാൻ അധികൃതർ തയ്യാറാകുന്നില്ല. തങ്ങൾ കടുത്തബുദ്ധിമുട്ടിലാണെന്ന് തൊഴിലാളികൾ പറയുന്നു.
പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കണ്ടു കമ്പനി തുറക്കാനും ജീവനക്കാർക്ക് നൽകാനുള്ള തുകയെങ്കിലും നൽകാനും അധികൃതർ തയാറാകണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.