മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡില്‍ കെഡിസണ്‍ എക്സ്പെല്ലേഴ്സും
1453124
Friday, September 13, 2024 11:50 PM IST
കോട്ടയം: മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡില്‍ കാഞ്ഞിരപ്പള്ളി കെഡിസണ്‍ എക്സ്പെല്ലേഴ്സും. ജില്ലയില്‍ മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് ലഭിക്കുന്ന ആദ്യസ്ഥാപനമാണ് കെഡിസണ്‍ എക്സ്പെല്ലേഴ്സ്. മന്ത്രി പി. രാജീവ് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്കി.
സംസ്ഥാനത്ത് നിര്‍മിക്കുന്ന ഉത്പന്നങ്ങളും നല്കുന്ന സേവനങ്ങളും ആഗോള നിലവാരത്തിലെത്തിച്ച് രാജ്യാന്തര വിപണിയിലെ വിപണന സാധ്യത വര്‍ധിപ്പിച്ച് പൊതുബ്രാന്ഡ് സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണു കേരള ബ്രാന്‍ഡ്. ഉത്തരവാദിത്ത വ്യവസായമെന്ന സര്‍ക്കാരിന്റെ നയമനുസരിച്ചു മികച്ച ഗുണനിലവാരം ഉറപ്പുവരുത്തി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്കാണു കേരള ബ്രാന്‍ഡ് നല്‍കുക. ഗുണനിലവാരം, ഉത്പന്നങ്ങളുടെ മൂല്യങ്ങള്‍ എന്നിവ പരിഗണിച്ചാണു കേരള ബ്രാന്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുന്നുംപുറത്ത് കെ.ഡി. സെബാസ്റ്റ്യന്‍ 52 വര്‍ഷം മുമ്പാണു കെഡിസണ്‍ എക്സ്പെല്ലേഴ്സ് ആരംഭിച്ചത്. മകന് കെ.എസ്. ഏബ്രഹാമിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനമിപ്പോള്‍. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തില്‍ ശ്രദ്ധ നല്കി ശുദ്ധമായ പച്ചവെളിച്ചെണ്ണയാണ് ഉത്പാദിപ്പിക്കുന്നത്. വെള്ളിച്ചെണ്ണ ഉത്പാദനത്തിന്റെ ആരംഭം മുതല്‍ പാക്കിംഗ് വരെയുള്ള പ്രക്രിയകള്‍ നേരില്‍ കണ്ടു മനസിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഫാക്ടറിയില്‍ സൗകര്യമുണ്ട്.
രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ശുദ്ധമായ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിക്കുന്നതെന്നും കുപ്പിയിലും പായ്ക്കറ്റുകളിലും സള്‍ഫര്‍ ഫ്രീ കോക്കനട്ട് ഓയിലെന്ന് രേഖപ്പെടുത്തുകവഴി ഗുണനിലവാരം നൂറുശതമാനം ഉറപ്പുവരുത്തുന്നുവെന്നും കെഡിസണ്‍ എക്സ്പെല്ലേഴ്സ് പാര്‍ട്നര്‍ ജോബ് ഏബ്രഹാം പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വി.ആര്. രാഖേഷ്, ജില്ലാ മാനേജര്‍ മിനിമോള്‍ സിജി, കെഡിസണ്‍ എക്സ്പെല്ലേഴ്സ് മാനേജിംഗ് പാര്‍ട്നര്‍ കെ.എസ്. ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.