പരിസ്ഥിതിലോല പ്രദേശം: പമ്പാവാലിയിൽ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ
1453080
Friday, September 13, 2024 11:50 PM IST
കണമല: പരിസ്ഥിതിലോല മേഖലയായി പമ്പാവാലിയിലെ ജനസാന്ദ്ര മേഖലകളായ വട്ടപ്പാറ, തുലാപ്പള്ളി, നാറാണംതോട്, പുളിയംകുന്നുമല, കിസുമം, നെല്ലിമല തുടങ്ങിയ പ്രദേശങ്ങളെ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ കടുത്ത ആശങ്കയിൽ നാട്. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് തുലാപ്പള്ളി മാർത്തോമ്മാശ്ലീഹാ കത്തോലിക്ക പള്ളി ഹാളിൽ ജനകീയ കൂട്ടായ്മ യോഗം നടത്തി. 18ന് വൈകുന്നേരം 3.30ന് തുലാപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്താൻ യോഗത്തിൽ തീരുമാനമായി.
നിലവിൽ സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പിൽ ഈ പ്രദേശങ്ങളെല്ലാം പരിസ്ഥിതി ദുർബല മേഖലയിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഇഎസ്എയുടെ നിയന്ത്രണങ്ങളിലേക്ക് നാടിനെ തള്ളിവിട്ടാൽ ഭാവിയിൽ ഇവിടെ ജനജീവിതം അസാധ്യമാവുകയും ഭൂമിയുടെ വില പൂജ്യം ആവുകയും ക്രമേണ പ്രദേശം വനമായി മാറുകയും ചെയ്യുമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആശങ്ക അറിയിച്ചു. മലയോരമേഖലയുടെ അതിജീവനത്തിന്റെ ചരിത്രത്തിൽ ഒരു കറുത്ത അധ്യയമായി നിർബന്ധിത കുടിയിറക്ക് സംഭവിക്കുമെന്നും ഇവർ പറഞ്ഞു.
യോഗത്തിൽ സമരസമിതി നേതാക്കളായ ബിജു പുള്ളോലിൽ, ജിനോഷ് വേങ്ങത്താനം, സിബി അഴകത്ത്, ഫാ. ബെന്നി തട്ടാംപറമ്പിൽ, മാർത്തോമ്മാ പള്ളി വികാരി ഫാ. എബി, രാജീവ് ചീങ്കല്ലേൽ, സെബാസ്റ്റ്യൻ, അനീഷ് വേങ്ങത്താനം എന്നിവർ പ്രസംഗിച്ചു.