അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപ്പാച്ചില്‍
1453076
Friday, September 13, 2024 11:50 PM IST
കാഞ്ഞിരപ്പള്ളി: ഓണത്തെ വരവേല്ക്കുവാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപ്പാച്ചില്‍. തിരുവോണനാളിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഓണത്തപ്പനെ വരവേല്‍ക്കാനുള്ള തിരക്കിലാണ് കാഞ്ഞിരപ്പള്ളി ടൗൺ. കഴിഞ്ഞ രണ്ടു ദിവസമായി ടൗണിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്രാട ദിനമായതിനാൽ ഇന്നും തിരക്ക് വർധിക്കും. ഓണക്കോടികള്‍ വാങ്ങുന്നതിന് വസ്ത്രവ്യാപാരശാലകളില്‍ വന്‍ തിരക്കാണ്.
സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്ന തിരക്കും അനുഭവപ്പെടുന്നുണ്ട്. ടൗണിലെ വലുതും ചെറുതുമായ എല്ലാ പച്ചക്കറിക്കടകളും സജീവമായി കഴിഞ്ഞു. ഓണസദ്യയ്ക്ക് ആവശ്യമായ പച്ചക്കറികളെല്ലാം തന്നെ കടകളിൽ എത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ ചന്തകളും പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ഓണവിപണികളും ടൗണിൽ സജീവമായിരിക്കുകയാണ്. വിഭവസമൃദ്ധമായ ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കേറ്ററിംഗ് സര്‍വീസുകളും ഓണാഘോഷങ്ങള്‍ക്കു രുചി പകരാന്‍ രംഗത്തുണ്ട്. ഓണസദ്യയുടെയും പായസത്തിന്റെയും ബുക്കിംഗ് തകൃതിയാണ്. വിവിധയിടങ്ങളില്‍ വഴിയോരങ്ങള്‍ കേന്ദ്രീകരിച്ചും പായസമേളകള്‍ ഒരുക്കിയിട്ടുണ്ട്.
സാംസ്കാരിക സംഘടനകളും ക്ലബുകളും വിവിധ റെസിഡന്റ്സ് അസോസിയേഷനുകളും ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓണക്കോടിയെടുക്കാനും ഓണസദ്യവട്ടങ്ങള്‍ക്കുള്ള വിഭവങ്ങള്‍ വാങ്ങാനും കൂടുതല്‍ പേര് ഇന്നു വ്യാപാര സ്ഥാപനങ്ങളിലെത്തും. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാവും ഇന്ന് നാട്.
കാഞ്ഞിരപ്പള്ളി: എറികാട് ഉദയ കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാളെ ഓണാഘോഷം നടത്തും. രാവിലെ 9.30ന് ലൈബ്രറി പ്രസിഡന്റ് കെ.എം. മാത്യു പതാകയുയർത്തും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും. പഞ്ചായത്തംഗം ബിജു ചക്കാല സമ്മാനദാനം നിർവഹിക്കും.
പൊൻകുന്നം: ആശാദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജെ. ജോസ് കല്ലോലിക്കൽ അധ്യക്ഷത വഹിച്ചു. പാലാ ആർടിഒ കെ.പി. ദീപ രോഗികൾക്ക് ചികിത്സാസഹായം നൽകി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ജോസ് കല്ലറക്കൽ, സെക്രട്ടറി എൽ. ബേബി എന്നിവർ പ്രസംഗിച്ചു. 105 രോഗികൾക്ക് ഓണക്കിറ്റും ചികിത്സാസഹായവും നൽകി.
മുണ്ടക്കയം: സെന്റ് ജോസഫ്സ് കോൺവെന്റ് നഴ്സറി സ്കൂളിൽ ഓണാഘോഷം നടത്തി. റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചാർലി കോശി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ ഇവറ്റ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ സിസ്റ്റർ സുകൃത, സ്വാതി സോമൻ, സിമി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി മാവേലി, മലയാളി മങ്ക, പ്രസംഗം എന്നീ മത്സരങ്ങളും അധ്യാപികമാർ തിരുവാതിര, ഓണപ്പാട്ട് എന്നീ കലാപരിപാടികളും നടത്തി.
കോരുത്തോട്: സെന്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ നടന്ന ഓണാഘോഷം അസിസ്റ്റന്റ് മാനേജർ ഫാ. മാർട്ടിൻ ഇരുവേലികുന്നേൽ ഉദ്ഘാടനം ചെയ്തു. എസ്. സ്മിത, അന്ന ചാണ്ടി, സ്കൂൾ ലീഡർ അതുല്യ ശിവകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ തിരുവാതിര, നാടൻപാട്ട്, വടംവലി മത്സരങ്ങളും നടത്തി. പ്രിൻസിപ്പൽ ഫാ. രാജേഷ് പുല്ലാന്തനാൽ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.