ചക്കയും കപ്പയും മീനും ഇഷ്ടപ്പെട്ട സീതാറാം യെച്ചൂരി
1452850
Friday, September 13, 2024 1:30 AM IST
കോട്ടയം: ജില്ലയിലെ സിപിഎം ഇടതുനേതാക്കളുമായി അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വലിയ അടുപ്പമുണ്ടായിരുന്നു. പോളിറ്റ് ബ്യൂറോ അംഗം, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പലതവണ കോട്ടയത്ത് എത്തിയിട്ടുണ്ട്. തിരുവാര്‍പ്പില്‍ നടന്ന വൈക്കം സത്യഗ്രഹത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിനാണ് 1999ല്‍ ആദ്യമായി അദ്ദേഹം കോട്ടയത്തെത്തുന്നത്. പിന്നീട് വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും പങ്കെടുത്തു. വൈക്കം, തലയോലപ്പറമ്പ്, കോട്ടയം, ഏറ്റുമാനൂര്‍, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സമ്മേളനങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്.
2007ല്‍ കോട്ടയത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നെഹ്റു സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിലും പങ്കെടുത്തിരുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് വൈക്കത്തും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തും എത്തി.
ഏപ്രിലില്‍ നടന്ന കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പരിപാടി ഇല്ലായിരുന്നെങ്കിലും എറണാകുളത്തുനിന്നു റാന്നിയിലേക്കുള്ള യാത്രയില്‍ പാലായില്‍ വിശ്രമിച്ചിരുന്നു. ഉച്ചയ്ക്ക് അരുണാപുരം റെസ്റ്റ് ഹൗസിലെത്തിയ സീതാറാം യെച്ചൂരി കേരളത്തിന്റെ തനതു ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. പാലായിലെ സിപിഎം നേതാവായ ലാലിച്ചന്‍ ജോര്‍ജും സുഹൃത്തുക്കളും ചക്കയും കപ്പയും മീന്‍കറിയും കരിമീന്‍ പൊള്ളിച്ചതും തയാറാക്കിയിരുന്നു. ചക്കയും കപ്പയും കഴിക്കാന്‍ യെച്ചൂരി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പായസം കൂട്ടി സദ്യ കഴിച്ച് വിശ്രമിച്ചശേഷം നാലോടെയാണ് റാന്നിക്ക് പോയത്.
കോട്ടയത്ത് യെച്ചൂരിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ കെ. അനില്‍കുമാറായിരുന്നു. കോട്ടയത്തിന്റെ ചരിത്രവും പ്രകൃതിഭംഗിയും മതസാമുദായ കാര്യങ്ങളും അറിയാന്‍ ഏറെ താത്പര്യപ്പെട്ടിരുന്നതായി അനില്‍കുമാര്‍ അനുസ്മരിച്ചു.
കല്പകം യെച്ചൂരിക്ക് കാഞ്ഞിരപ്പള്ളിയുമായി ബന്ധം
കോട്ടയം: ഇന്നലെ അന്തരിച്ച സീതാറാം യെച്ചൂരിയുടെ അമ്മ പരേതയായ കല്പകം യെച്ചൂരിക്ക് കാഞ്ഞിരപ്പള്ളിയുമായി ബന്ധം.
കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പാറത്തോട് എംഡിഎസില്‍ രണ്ടു തവണ കല്പകം യെച്ചൂരി എത്തിയിട്ടുണ്ട്.
എംഡിഎസ് മുന്‍ സാരഥി ഫാ. മാത്യു വടക്കേമുറി നേതൃത്വം നല്‍കിയിരുന്ന പാരമ്പരാഗത ഊര്‍ജ ഉറവിട സംരംഭങ്ങളുമായി ബന്ധപ്പെട്ട ദേശീയ സെമിനാറില്‍ പങ്കെടുക്കാനാണ് അന്ധ്രാപ്രദേശുകാരിയായ കല്പകം 2002ല്‍ കാഞ്ഞിരപ്പള്ളിയില്‍ ആദ്യം എത്തിയത്.
സൗരോര്‍ജം ഉള്‍പ്പെടെ സാധ്യതകളുമായി ബന്ധപ്പെട്ട എന്‍ജിഒ പ്രവര്‍ത്തനങ്ങളില്‍ കല്‍പ്പകം പങ്കാളിയായിരുന്നു. 2021 ഒക്ടോബര്‍ 18ന് 88-ാം വയസിലാണ് കല്പകം ഡല്‍ഹിയില്‍ അന്തരിച്ചത്. മൃതദേഹം കല്‍പകത്തിന്റെ ആഗ്രഹപ്രകാരം പഠനത്തിനായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കൈമാറുകയായിരുന്നു.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രമീമാംസയില്‍ എംഎയും ഒസ്മാനിയ സര്‍വകലാശാലയില്‍നിന്ന് എംഫിലും നേടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് മുന്‍ ചീഫ് സെക്രട്ടറി മോഹന്‍ കന്ധ ഇവരുടെ സഹോദരനാണ്.