എംഎൽഎയ്ക്കെതിരായ സമരം രാഷ്ട്രീയ ഗൂഢാലോചനയെന്ന്
1452274
Tuesday, September 10, 2024 10:46 PM IST
മുണ്ടക്കയം: കരിനിലം-പശ്ചിമ റോഡ് നിർമാണം വൈകുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയുടെ മറവിൽ ചില യുഡിഎഫ് ജനപ്രതിനിധികൾ എംഎൽഎയ്ക്കെതിരേ നടത്തുന്ന പ്രചാരണങ്ങളും സമരരീതികളും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കേരള കോൺഗ്രസ്-എം മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
കരാർ ഏറ്റെടുത്ത കോൺട്രാക്ടർ നിർമാണം ഉപേക്ഷിച്ച് പോയതിനാലാണ് റോഡ് പുനരുദ്ധാരണം നിലച്ചത്. മുൻ കോൺട്രാക്ടറെ റിസ്ക് ആൻഡ് കോസ്റ്റിൽ ഒഴിവാക്കി. നടപടിക്രമങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനാറുടെയും ചീഫ് എൻജിനിയറുടെയും നേരിട്ടുള്ള പരിശോധനകളും നടത്തി പുതുക്കിയ എസ്റ്റിമേറ്റ് എടുത്ത് 1,21,60,000 രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. സമീപനാളിൽ തന്നെ ഭരണാനുമതി നേടി ടെൻഡർ ക്ഷണിച്ച് പുതിയ കരാറുകാരെ ഏൽപ്പിച്ച് മഴക്കാലത്തിനുശേഷം റോഡ് നിർമാണം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചിട്ടുള്ളതായും കേരള കോൺഗ്രസ്-എം മണ്ഡലം കമ്മിറ്റി വിശദീകരിച്ചു.
നിയോജക മണ്ഡലത്തിലെ ബഹുഭൂരിപക്ഷം റോഡുകളും ഗതാഗതയോഗ്യമാക്കിയതും മിക്ക റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് എത്തിച്ചതും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സ്ഥാനം ഏറ്റതിനുശേഷമാണ്. വസ്തുതകൾ ഇതായിരിക്കേ എംഎൽഎയെ ഇകഴ്ത്തിക്കാണിക്കാനുള്ള ചില കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് ഈ സമരമെന്നും മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചാർലി കോശി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കച്ചൻ കാരക്കാട്ട്, പി.സി. തോമസ്, പഞ്ചായത്തംഗം ബിൻസി മാനുവൽ, ഭാരവാഹികളായ ടി.ജെ. ചാക്കോ, ടോമി വലിയവീട്ടിൽ, അജി വെട്ടുകല്ലാംകുഴി, അനിയാച്ചൻ മൈലപ്ര എന്നിവർ പ്രസംഗിച്ചു.