വയനാടിന്റെ കണ്ണീരൊപ്പാൻ യുകെയിൽ പതിനാറുകാരൻ നോയലിന്റെ സ്കൈ ഡൈവിംഗ്
1452243
Tuesday, September 10, 2024 7:03 AM IST
അതിരമ്പുഴ സ്വദേശി നോയൽ സാബു ചാടിയത് 15,000 അടി ഉയരത്തിൽനിന്ന്
ഏറ്റുമാനൂർ: വയനാടിന്റെ കണ്ണീരൊപ്പാൻ യുകെയിൽ സ്കൈ ഡൈവിംഗ് നടത്തി പതിനാറുകാരൻ നോയൽ സാബു. 15,000 അടി ഉയരത്തിൽനിന്നു ചാടിയ നോയൽ സ്കൈ ഡൈവിംഗിലൂടെ സമാഹരിച്ച തുക വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ വിദ്യാർഥികൾക്ക്.
യുകെയിലെ പ്രധാന സ്കൈ ഡൈവിംഗ് സ്പോട്ട് ആയ നോട്ടിംഗ്ഹാമിലെ ലാംഗർ എയർഫീൽഡിൽ ഇന്നലെയിരുന്നു സ്കൈ ഡൈവിംഗ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു സ്കൈ ഡൈവിംഗ്. ചെറുവിമാനത്തിൽ പരിശീലകനൊപ്പം പറന്നുയർന്ന നോയൽ പതിനയ്യായിരം അടി ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ വാതിലുകൾ തുറന്ന് ആകാശച്ചാട്ടം നടത്തുകയായിരുന്നു.
ആദ്യഘട്ടത്തിൽ പാരഷ്യൂട്ട് തുറക്കാതെയുള്ള ഫ്രീ ഫാൾ ആയിരുന്നു. യാത്ര അയ്യായിരം അടി ശേഷിക്കേ പാരഷ്യൂട്ട് തുറന്ന് ആകാശകാഴ്ചകൾ കണ്ട് സാവധാനം ലാൻഡ് ചെയ്യുകയുമായിരുന്നു.പാരഷ്യൂട്ട് യാത്രയ്ക്കിടയിൽ പലതവണ കരണം മറിഞ്ഞും പാരഷ്യൂട്ടിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തുമാണ് നോയൽ ദൗത്യം പൂർത്തിയാക്കിയത്. യുകെയിൽ സ്കൈ ഡൈവിംഗ് നടത്തുവാനുള്ള പ്രായപരിധിയായ 16 വയസ് പൂർത്തിയായ ഉടനെയാണ് വയനാടിന്റെ കണ്ണീരൊപ്പാനായുള്ള നോയലിന്റെ സാഹസം. ഇതുവഴി മൂന്നുലക്ഷം രൂപയിലധികം ഇതിനകം നോയൽ സമാഹരിച്ചു. നോയലിനെ കൂടാതെ 28 പേർകൂടി ഉദ്യമത്തിൽ പങ്കാളികളായി. 60 ലക്ഷത്തിൽ അധികം രൂപയാണ് ഇതിനകം ഇവർ സമാഹരിച്ചത്. ഫണ്ട് ശേഖരണം ഇപ്പോഴും തുടരുകയാണ്. ഒരു കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്.
വയനാട്ടിലെ പ്രകൃതി ദുരന്തത്തെക്കുറിച്ച് പിതാവ് സാബു ചുണ്ടക്കാട്ടിലിൽനിന്നു മനസിലാക്കിയ നോയൽ, അവർക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ് സ്കൈ ഡൈവിംഗിന്റെ ഭാഗമായത്. മുമ്പ് സ്കൈ ഡൈവിംഗ് നടത്തിയിട്ടുള്ള പിതാവ് നൽകിയ ധൈര്യമാണ് ഏറെ സാഹസികത നിറഞ്ഞ ഉദ്യമത്തിലേക്ക് നോയലിനെ നയിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ചാരിറ്റി ദൗത്യത്തോടു ചേർന്നായിരുന്നു സാബുവും മുമ്പ് സ്കൈ ഡൈവിംഗ് നടത്തിയത്.
മാഞ്ചസ്റ്ററിൽ വർഷങ്ങളായി താമസിക്കുന്ന കോട്ടയം അതിരമ്പുഴ സ്വദേശിയും ദീപിക മുൻ ലേഖകനുമായ സാബു ചുണ്ടക്കാട്ടിലിന്റെയും സ്മിതയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് നോയൽ. ആൾട്രിഹാം സെന്റ് ആംബ്രോസ് കോളജിലെ ഒന്നാം വർഷ എ ലെവൽ വിദ്യാർഥിയാണ്. പഠനത്തിനൊപ്പം ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന നോയൽ പാർക്ക് റൺ ഉൾപ്പെടെ നിരവധി ചാരിറ്റി പ്രവർത്തങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ എഡ്വിൻ ആണ് സഹോദരൻ.