നഗരസഭാ സ്പെഷല്‍ ഡ്രൈവ്: ശേഖരിച്ചത് 30 ടണ്‍ അജൈവ മാലിന്യം
1451861
Monday, September 9, 2024 5:34 AM IST
ചങ്ങനാശേരി: നഗരസഭ സംഘടിപ്പിച്ച അജൈവ മാലിന്യ ശേഖരണ സ്പെഷല്‍ ഡ്രൈവില്‍ ശേഖരിച്ചത് 30 ടണ്‍ മാലിന്യം. വെള്ളി, ശനി ദിവസങ്ങളിലായി നഗരപരിധിയിലെ 37 വാര്‍ഡുകളിലായി സജ്ജീകരിച്ച 76 കേന്ദ്രങ്ങളിലാണ് മാലിന്യ ശേഖരണം നടത്തിയത്.
പഴയ ചെരുപ്പുകള്‍, ബാഗ്, റെക്സിന്, തുകല്‍ ഉത്പന്നങ്ങള്‍, ചില്ല് മാലിന്യങ്ങള്‍ എന്നിവയാണ് ശേഖരിച്ചത്. ശേഖരിച്ച പാഴ്വസ്തുക്കളില്‍നിന്ന് പുനഃചംക്രമണ സാധ്യതയുള്ളവ വേര്‍തിരിച്ചശേഷം മറ്റുള്ളവ സിമന്റ് ഫാക്ടറികളില്‍ ഉപയോഗിക്കുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവലായി പരിവര്‍ത്തനപ്പെടുത്തും. മറ്റ് എല്ലാ പാഴ് വസ്തുക്കളും തുടര്‍ന്നുള്ള മാസങ്ങളില്‍ ഷെഡ്യൂള്‍ പ്രകാരം ശേഖരിക്കും.
പരിപാടിയുടെ ഉദ്ഘാടനം ആക്ടിംഗ് ചെയര്മാന് മാത്യൂസ് ജോര്‍ജ് നിര്‍വഹിച്ചു. ഹെല്‍ത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പ്രിയ രാജേഷ്, ബീന ജോബി, ബാബു തോമസ്, ക്ലീന്‍ സിറ്റി മാനേജര്‍ എന്‍.എസ്. ഷൈന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി. സുനില്‍, കെ. സ്മിരീഷ് ലാല്‍, ടി.കെ. സജിത, എ.ജി. ജബിത, പി.എ. ബിജേഷ് ഇമ്മാനുവല്‍, ജെറാള്‍ഡ് മൈക്കിള്‍, ആശാ മേരി, ടി.കെ. സുധാ കമല്‍, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ സന്ദേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.