തിരുവാതുക്കലിലെ അബ്ദുള്‍ കലാം ഓഡിറ്റോറിയം നഗരസഭയ്ക്കു തിരികെക്കിട്ടും
1451853
Monday, September 9, 2024 5:34 AM IST
കോട്ടയം: കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിൽ തിരുവാതുക്കല്‍ കവലയിലുള്ള എ.പി.ജെ. അബ്ദുള്‍കലാം ഓഡിറ്റോറിയം തെരഞ്ഞെടുപ്പു കമ്മീഷൻ മുനിസിപ്പാലിറ്റിക്കു വിട്ടുനല്‍കും. കഴിഞ്ഞ മൂന്നു വര്‍ഷമായി ബാലറ്റുപെട്ടികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പു സാമഗ്രികളുടെ സൂക്ഷിപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമായിരുന്നു ഓഡിറ്റോറിയം.
കോട്ടയം പട്ടണത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ വിവാഹമടക്കമുള്ള പൊതു ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവന്നിരുന്ന ഓഡിറ്റോറിയം നഗരസഭയ്ക്കു തിരികെ നല്കണമെന്നാവശ്യപ്പെട്ടു സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് നിവേദനം നല്‍കിയിരുന്നു.
അന്വേഷണം നടത്തി വസ്തുതകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ഓഡിറ്റോറിയം നഗരസഭയ്ക്ക് വിട്ടുനല്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചത്. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജിനെ സ്പെഷല്‍ ഓഫീസറായി നിയോഗിച്ചാണ് അടിയന്തര നടപടി സ്വീകരിക്കാൻ കളക്ടർ നിർദേശിച്ചത്. ഓഡിറ്റോറിയം തെരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിക്കുന്ന ഗോഡൗണായി ഉപയോഗിക്കുന്നതിനാല്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളൊന്നും നടത്താതെ ജീര്‍ണാവസ്ഥയിലാണ്.
നിവേദനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി നടപടികൾ പൂര്‍ത്തീകരിച്ച് ഓഡിറ്റോറിയം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് കളക്ടര്‍ പ്രതിനിധി സംഘത്തെ അറിയിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ടി.സി. ബിനോയ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്‍.എന്‍. വിനോദ്, ലോക്കല്‍ സെക്രട്ടറി അരുണ്‍ദാസ് എന്നിവരും പങ്കെടുത്തു.