വിപണിയില്‍ തിളച്ച് ഉപ്പേരി
1451761
Sunday, September 8, 2024 11:50 PM IST
കോട്ടയം: ഉപ്പേരിയില്ലാത്ത ഓണം സങ്കല്പിക്കാന് പോലും കഴിയില്ല. വര്‍ഷം മുഴുവനും ഉപ്പേരിക്ക് ആരാധകരുണ്ടെങ്കിലും ഉപ്പേരി വിപണി തിളയ്ക്കുന്നത് ഓണക്കാലത്താണ്. ഓണത്തിന്റെ രുചിവൈവിധ്യങ്ങളില്‍ മുന്‍പന്തിയിലാണ് വെളിച്ചെണ്ണയില്‍ വറുത്തു കോരുന്ന ഉപ്പേരിയുടെ സ്ഥാനം. എല്ലാ ഓണക്കാലത്തും ഉപ്പേരിവില വര്‍ധിക്കുന്നതു പതിവാണ്.
കഴിഞ്ഞതവണത്തേക്കാള്‍ 40 രൂപ കൂട്ടിയാണ് ഇക്കുറി വ്യാപാരികള്‍ വില്‍ക്കുന്നത്. വെളിച്ചെണ്ണയുടെ വിലയാണ് ഉപ്പേരിയുടെ വില ഉയര്‍ത്തുന്നത്. തമിഴ്നാട്ടില്‍ നിന്നു വന്‍തോതില്‍ ഏത്തക്കുലകള്‍ എത്തിയതോടെ മാര്‍ക്കറ്റില്‍ ഏത്തക്കാ വില കുറഞ്ഞുനില്‍ക്കുകയാണ്. നാടന്‍ ഏത്തക്കായ്ക്ക് 35 മുതല്‍ 45 രൂപവരെ വിലയുണ്ട്. 180 മുതല്‍ 200 രൂപവരെയാണ് വെളിച്ചെണ്ണ വില. തമിഴ്നാട്ടില്‍ നിന്നും വെളിച്ചെണ്ണ എത്തുന്നുണ്ട്. ഇതിനു 160 രൂപ വരെ വിലയുണ്ട്.
വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോഗ്രാമിന് 400 മുതല്‍ 420 രൂപവരെ വിലയ്ക്കാണ് പല കടകളിലും വില്പന നടത്തുന്നത്. 200 ഗ്രാം പാക്കറ്റിനു 90 രൂപ വരെയാണ് വില. വെളിച്ചെണ്ണയ്ക്കു പകരം മറ്റ് എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ വിലയും രുചിയും കുറയും. നേന്ത്രക്കായ വില കാര്യമായി കുറഞ്ഞെങ്കിലും ഉപ്പേരിവില കൈ പൊള്ളിക്കുകയാണ്.
എങ്കിലും ഓണത്തോടടുത്ത ദിവസങ്ങളില്‍ കച്ചവടം പൊടിപൊടിക്കുമെന്നുറപ്പ്. പ്രത്യേകിച്ചും, തിരുവോണത്തിനു മുന്‍പുള്ള നാലു ദിവസം. ഓണക്കാലത്തു ഗള്‍ഫിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികളാണു പ്രധാന ഉപയോക്താക്കള്‍. ഇത്തവണ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഓണഘോഷങ്ങളുടെ പകിട്ട് കുറഞ്ഞത് വിപണിയെ ബാധിച്ചിട്ടുണ്ടങ്കിലും ഓണ ദിവസങ്ങളില്‍ കച്ചവടം ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.