മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ് റോഡിൽ യാത്ര ദുരിതം
1451696
Sunday, September 8, 2024 7:11 AM IST
കടുത്തുരുത്തി: യാത്ര ദുരിതമായി മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ് റോഡ്. റോഡ് നവീകരണത്തിനായി കുത്തിപൊളിച്ച മുട്ടുചിറ മുതല്‍ വാലാച്ചിറ റെയില്‍വേ ഗേറ്റ് വരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്.
ഒന്നരക്കിലോമീറ്റര്‍ ദൂരം തീരെ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. റോഡിന്റെ ആദ്യഘട്ട ടാറിംഗ് നടത്തിയപ്പോള്‍ റെയില്‍വേ ഗേറ്റ് കഴിഞ്ഞ് 100 മീറ്ററോളം കഴിഞ്ഞാണ് പണികള്‍ നടന്നത്. ഇത്രയം ഭാഗവും പൂര്‍ണ തകർച്ചയിലാണ്. കുഴികളില്‍ വീണും ഇളകിക്കിടക്കുന്ന മെറ്റിലിനു മുകളിലൂടെ പോകുന്ന വാഹനങ്ങള്‍ തെന്നിമറിഞ്ഞും അപകടം സംഭവിക്കുന്നതു പതിവാണ്.
ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനായി റോഡിലെ ടാര്‍ ചെയ്ത ഭാഗം ഇളക്കി. ഇതിനിടെ നിര്‍മാണം നടത്തേണ്ട കരാറുകാരന് പദ്ധതിയില്‍നിന്നു പിന്മാറിയതോടെ പദ്ധതി പ്രവര്‍ത്തനം നിലച്ചു. ഇതോടെയാണ് ഇതുവഴിയുള്ള വാഹനയാത്ര ദുഷ്ക്കരമായത്. ഇളക്കിയിട്ട ഭാഗത്ത് പിന്നീട് കുഴികള്‍ രൂപപ്പെടുകയായിരുന്നു.
മഴയെത്തിയതോടെ റോഡ് ചെളിക്കുളമായി. റോഡ് നിര്‍മാണം പുരോഗമിക്കുന്നു, ഇതുവഴി യാത്ര ചെയ്യുന്നവര്‍ പതിയെ പോവുക എന്ന ബോര്‍ഡു കെഎസ്ടിപി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആയാംകുടി മലപ്പുറം പള്ളി, മധുരവേലി പള്ളി, ആയാംകുടി ക്ഷേത്രം, ആദിത്യപുരം ക്ഷേത്രം, മാംഗോ മെഡോസ് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെല്ലാം റോഡ് തകര്‍ന്നതോടെ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങള്‍ക്കും തകരാര്‍ പതിവായി. സമീപകാലത്ത് തടി ലോറി കുഴിയില്‍വീണ് ബസിലേക്ക് ചെരിഞ്ഞ സംഭവവും ഉണ്ടായിരുന്നു.
വല്ലാത്ത ദുരിതം
യാതൊരു രീതിയിലും ഇതുവഴി സഞ്ചരിക്കാനാകില്ലെന്ന് ഇരുചക്രവാഹന യാത്രക്കാരിയായ ബിന്ദു ബൈജു പറഞ്ഞു. റോഡിലെ കുഴികള്‍ പിന്നിട്ട് ഗേറ്റിനടുത്ത് എത്തുമ്പോള്‍ ട്രെയിന്‍ പോകുന്നതിനായി ഗേറ്റ് അടച്ചിട്ടുണ്ടാവും. മാസങ്ങളായി ഇത്തരത്തില്‍ ദുരിതം അനുഭവിക്കുകയാമെന്നും ബിന്ദു പറഞ്ഞു.
നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും
മുട്ടുചിറ-എഴുമാന്തുരുത്ത് റോഡിന്റെ ഭാഗമായ മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ് വരെയുള്ള റോഡ് അടിയന്തര അറ്റകുറ്റപ്പണിയുടെ ഭാഗമായി ഉടന്‍ നവീകരിക്കും. ഇതിനുള്ള ഫണ്ട് ലഭ്യമാകാനുള്ള പ്രോജക്ട് സമര്‍പ്പിച്ചു.
ബിഎംബിസി നിലവാരത്തില്‍തന്നെ നവീകരിക്കും. റോഡിന്റെ ശേഷിക്കുന്ന മൂന്നര കിലോമീറ്റര്‍ ദൂരം നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞെന്നും കെഎസ്ടിപി പൊന്‍കുന്നം ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജി.ആര്. ബിജു പറഞ്ഞു.