കുടമാളൂര്‍ പള്ളിയില്‍ മാര്‍ തോമസ് തറയിലിനു സ്വീകരണം നല്കി
1451676
Sunday, September 8, 2024 6:57 AM IST
കുടമാളൂര്‍: ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനു കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ സ്വീകരണം നല്കി. രാവിലെ 6.30നു പള്ളിയിലെ നിയുക്ത ആര്‍ച്ച്ബിഷപ്പിനെ ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം കാനോനിക സ്വീകരണം നല്കി. തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്ക് ശേഷം മാര്‍ തോമസ് തറയില്‍ സന്ദേശം നല്കി. ഈ കാലഘട്ടത്തില്‍ നമുക്ക് ഏറ്റവും കൂടുതല്‍ ആവശ്യം പ്രാര്‍ഥനയും ആത്മരക്ഷയുമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
നമ്മുടെ ശത്രു സാത്താനാണ്. നമ്മുടെ യുദ്ധം മുഴുവനും അവന് എതിരായിട്ടാണ്. നമ്മള് ഓരോ ഘട്ടത്തിലും പരാജയപ്പെടണമെന്ന് ആഗ്രഹിച്ച് കൃത്യമായിട്ട് കരുക്കള്‍ നീക്കുന്ന സാത്താന്റെ സാമ്രജ്യത്തിനെതിരേയാണ് നാം യുദ്ധത്തിലായിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയും, ദൈവവിളികളും കൂടുതലായി കടന്നു വരുമ്പോള്‍ സാത്താന്റെ സാമ്രാജ്യങ്ങള്‍ തകര്‍ത്ത് എറിയപ്പെടാന്‍ സാധിക്കുമെന്നും അതിലൂടെ ആത്മരക്ഷ കൈവരിക്കാന്‍ സാധിക്കുമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. തുടര്‍ന്ന് അല്‍ഫോന്‍സ ഭവന് സ്ഥാപിതമായതിന്റെ 50 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അല്‍ഫോന്‍സ ഭവനില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. നിതിന്‍ അമ്പലത്തുങ്കല്‍, ഫാ. പ്രിന്‍സ് എതിരേറ്റ് കുടിലില്‍, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ ജോസഫ് പുത്തന്‍പറമ്പില്‍, പി.ജി.ജോര്‍ജ് റോസ് വില്ല, സോണി ജോസഫ് നെടുംതകിടിയില്‍, പി.എം. മാത്യു പാറയില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ഫ്രാങ്ക്ളിന് ജോസഫ് പുത്തന്‍പറമ്പില്‍ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം
നല്കി.