പാലത്തിന്റെ പൈലിംഗിനിടയിൽ വൈദ്യുതിപോസ്റ്റിന്റെ ചുവട്ടിൽ വെള്ളം തിളച്ചുയർന്നത് പരിഭ്രാന്തി പരത്തി
1339950
Monday, October 2, 2023 2:18 AM IST
വൈക്കം: പാലത്തിന് പൈലിംഗ് നടത്തുന്നതിനിടയിൽ വൈദ്യുതിപോസ്റ്റിന് സമീപത്തുനിന്നു തിളച്ച വെള്ളം പുറത്തേക്കു വന്നതു പരിഭ്രാന്തി പരത്തി.
മറവൻതുരുത്ത് - ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു മുവാറ്റുപുഴയാറിനു കുറുകെ നിർമിക്കുന്ന മൂലേക്കടവ് പാലത്തിന്റെ പൈലിംഗിനിടയിലാണ് ഇന്നലെ വൈകുന്നേരം ആറോടെ തിളച്ച വെള്ളം പുറത്തേക്കു വന്നതു കണ്ടത്.
വൈദ്യുതി തകരാറുമായി ബന്ധപ്പെട്ടാകാം അടിയിൽനിന്ന് വെള്ളം തിളച്ചെത്തുന്നതെന്ന് കരുതി കെഎസ് ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു പരിശോധന നടത്തി.
വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രതിഭാസമല്ല ഇതെന്ന് ഉറപ്പു വരുത്തി. മറവൻതുരുത്ത് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പിന്നീട് മറവൻതുരുത്ത് പഞ്ചായത്ത് അധികൃതർ ജിയോളജിസ്റ്റുമായി ബന്ധപ്പെട്ടു.
നിരന്തരം പൈലിംഗ് നടത്തുമ്പോൾ ഭൂമിക്കടിയിൽ ഉണ്ടാകുന്ന താപം ദുർബലമായ സ്ഥലത്തുകൂടി പുറത്തു വരുന്നതു കൊണ്ടാണ് വെള്ളം തിളച്ചുമറിയുന്നതായി കാണപ്പെടുന്നതെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജിസ്റ്റ് അറിയിച്ചതോടെയാണ് ജനത്തിന്റെ ആശങ്ക അകന്നത്.