നാടൊരുമിച്ച് വൃത്തിയിലേക്ക്; ഇന്ന് ജില്ലയില്‍ മെഗാ ശുചീകരണയജ്ഞം
1339942
Monday, October 2, 2023 2:11 AM IST
ഗാന്ധിനഗര്‍: നാടിനെ മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയില്‍ തുടക്കമായി.
മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കിമിട്ടത്.
മെഡിക്കല്‍ കോളജ് അങ്കണത്തില്‍ മന്ത്രി വി.എന്‍. വാസവന് ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലം നവംബര്‍ ഒന്നിന് സമ്പൂര്‍ണ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനുള്ള വൃത്തി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്, പഞ്ചായത്തു പ്രസിഡന്റുമാർ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, എംജി സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, ഏറ്റുമാനൂര്‍ മണ്ഡലം മാലിന്യമുക്ത കാമ്പയിന് കണ്‍വീനര്‍ എ.കെ. ആലിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് വിപുലമായ ശുചീകരണം; ലക്ഷങ്ങള്‍ പങ്കാളികളാകും
കോട്ടയം: ഗാന്ധിജയന്തി ദിനമായ ഇന്ന് ജനപങ്കാളിത്തത്തോടെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ശുചീകരണ പരിപാടികള്‍ നടക്കും. എല്ലാ വിദ്യാഭ്യാസ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യസംസ്കരണം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക.
വാര്‍ഡുതലത്തില്‍ കുറഞ്ഞത് 200 പേര് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കിയശേഷം പൂന്തോട്ടം നിര്‍മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എന്‍എസ്എസ് നടപ്പാക്കുന്ന സ്നേഹാരാമങ്ങള്‍ക്കും തുടക്കമായി.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ പ്രവര്‍ത്തനം നടക്കുക.
ശുചിത്വമാണ് സേവനം (സ്വച്ഛതാ ഹി സേവാ) പദ്ധതിയുടെ ഭാഗമായി ഒരു മണിക്കൂര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കേന്ദ്രമന്ത്രാലയവും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.