തുടർമഴ; താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
1339799
Sunday, October 1, 2023 11:41 PM IST
കോട്ടയം: തുടർച്ചയായി പെയ്യുന്ന മഴയിൽ ആശങ്കയോടെ ജില്ല. ശനിയാഴ്ച പെയ്ത മഴയോടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിത്തുടങ്ങി. മീനച്ചിലാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതയിലാണ്.
ഇന്നലെ രാവിലെ എട്ടിനവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ 573 മില്ലീമീറ്റർ മഴ പെയ്തെന്നാണ് കണക്ക്. 103 മില്ലീമീറ്റർ വീതം പെയ്ത കോഴായിലും തീക്കോയിലുമാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. ഇന്നലെ പകൽ ജില്ലയിലെന്പാടും ഒറ്റപ്പെട്ട തീവ്ര മഴയുണ്ടായി. രാവിലെയും വൈകുന്നേരവും ചിലയിടങ്ങളിൽ അതിതീവ്ര മഴയാണു പെയ്തത്. രാത്രിയിലും മഴ തുടരുകയാണ്.
മീനച്ചിൽ, മണിമല, മൂവാറ്റുപുഴയാറുകളിൽ ഒഴുക്ക് ശക്തമായി. മീനച്ചിലാറ്റിൽ പേരൂർ മുതൽ കുമരകം വരെയുള്ള ഭാഗങ്ങളിൽ ഇന്നലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിനും മുകളിലായിരുന്നു. മീനച്ചിലാറ്റിൽ വെള്ളം ഉയർന്നതോടെ അയർക്കുന്നം, വിജയപുരം, മണർകാട് പഞ്ചായത്തുകളിലെയും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവ് നെൽകർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
കിഴക്കൻ മേഖലയിലെ കനത്തമഴ മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർത്തുന്നുണ്ട്. മഴക്കുറവിനെത്തുടർന്നു വൈകി വിതച്ച പാടങ്ങളിൽ നെല്ല്ച്ചെടികൾ കതിരണിഞ്ഞിരിക്കുകയാണ്. പുഞ്ച കൃഷിയ്ക്കായി ഒരുക്കം തുടങ്ങിയ പാടങ്ങളുമുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ കർഷകർക്കു വൻ നഷ്ടമുണ്ടാകും.
10 ദുരിതാശ്വാസ
ക്യാമ്പുകളിലായി 142 പേര്
കോട്ടയം: കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലായി പത്തു ദുരുതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 42 കുടുംബങ്ങളും 58 പുരുഷന്മാരും 52 സ്ത്രീകളും 32 കുട്ടികളുമായി ആകെ 142 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
മൂന്ന് വീടുകള്‍ക്ക് ഭാഗിക നഷ്ടം കനത്ത മഴയില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ക്ക് ഭാഗികമായ നാശം സംഭവിച്ചു. കാറ്റിലും മഴയിലും പെട്ട് മരം ഒടിഞ്ഞു വീണതിനെത്തുടര്‍ന്നുണ്ടായ ഗതാഗത തടസം നീക്കി.