ഡ്രൈവിംഗ് സ്കൂള്‍ ഉടമ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍
1339652
Sunday, October 1, 2023 6:24 AM IST
കടുത്തുരുത്തി: കടുത്തുരുത്തിയിലെ ഡ്രൈവിംഗ് സ്കൂള്‍ ഉടമയെ കൂത്താട്ടുകുളത്തെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആയാംകൂടി വട്ടകുന്നേല്‍ സി.കെ. സെബാസ്റ്റ്യന്‍ (ബാബു-63) നെയാണ് ഇന്നലെ രാവിലെ ശിവക്ഷേത്രത്തിന്റെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാവിലെ കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. കടുത്തുരുത്തിയിലെ അഞ്ജലി ഡ്രൈവിംഗ് സ്കൂള്‍ ഉടമയാണ്.
വെള്ളിയാഴ്ച രാവിലെ ഉഴവൂരില്‍ ഡ്രൈവിംഗ് ടെസ്റ്റിനായി പോയ സെബാസ്റ്റ്യനെ ഉച്ചകഴിഞ്ഞ് ഫോണില്‍ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. വൈകുന്നേരത്തോടെ ഫോണ്‍ സ്വിച്ച് ഓഫായതോടെ ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി. വെള്ളിയാഴ്ച വൈകുന്നേരം കൂത്താട്ടുകുളം പുതുവേലില്‍ ഭാഗത്തുവച്ചു മദ്യപിച്ചു സ്കൂട്ടറോടിച്ച സെബാസ്റ്റ്യനെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് വൈകുന്നേരം ആറോടെ കൂത്താട്ടുകുളം സ്റ്റേഷനില്‍നിന്നു മടങ്ങിയതായി പോലീസ് പറയുന്നു.
മൊബൈല്‍ ലൊക്കേഷന്‍ വച്ചു പോലീസും ബന്ധുക്കളും സുഹൃത്തുക്കളും വെള്ളിയാഴ്ച രാത്രി മോനിപ്പള്ളി ഭാഗത്തെല്ലാം തെരച്ചില്‍ നടത്തിയിരുന്നു. കൂത്താട്ടുകുളം പോലീസിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഭാര്യ സെല്‍മ. മക്കള്‍: അലന്, അലക്സ്, അഞ്ജലി. സംസ്കാരം ഇന്ന് മൂന്നിന് വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.