കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും
1339642
Sunday, October 1, 2023 6:23 AM IST
കടുത്തുരുത്തി: നന്മ, തിന്മകളെ വിവേചിച്ചറിയാനും നന്മയെ സ്വീകരിക്കാനും തിന്മയെ തിരസ്കരിക്കാനും കഴിവുള്ളവരായി വിദ്യാര്‍ഥികള്‍ വളരണമെന്നും ഇതിനായി ദൈവത്തോട് എല്ലാ ദിവസവും പ്രാര്‍ഥിക്കണമെന്നും കേരള ലോകായുക്ത, ജസ്റ്റീസ് സിറിയക് ജോസഫ്.
യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും വിവിധ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്യക്ഷമതയ്ക്കൊപ്പം മികവും ഉള്ളവരാകണമെന്നും നല്ല മനുഷ്യനായി ജീവിക്കാന്‍ കഴിയണമെന്നും സിറിയക് ജോസഫ് പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഭാവിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത് ലഹരിയുത്പന്നങ്ങളും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവുമാണെന്ന് മുന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. യുവതലമുറ ലഹരിക്കെതിരേ എന്ന കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ അക്കാദമികളുടെയും അവാര്‍ഡുകളും പുരസ്കാരങ്ങളും നേടിയിട്ടുള്ളവരെയും ഉന്നത സാമൂഹികാംഗീകാരം നേടിയ പുത്തന്‍ പ്രതിഭകളെയും കലാ, കായിക, സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും യോഗത്തില്‍ ആദരിച്ചു. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, സിനിമാസംവിധായകനും നടനുമായ ദിലീഷ് പോത്തന്, സിനിമാ നിര്‍മാതാക്കളായ ലിന്സ്റ്റിന് സ്റ്റീഫന്‍, സന്തോഷ് ടി. കുരുവിള, സിനിമ-സീരിയല്‍ താരം നീനാകുറുപ്പ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.