ട്വന്റി ട്വന്റി 2024 ലോകകപ്പ്: കുവൈറ്റ് ദേശീയ ടീമില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയും
1339515
Sunday, October 1, 2023 12:37 AM IST
കാഞ്ഞിരപ്പള്ളി: ട്വന്റി ട്വന്റി 2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശീയ ടീമില്‍ ഇടം പിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി. കാഞ്ഞിരപ്പള്ളി തേനംമാക്കല്‍ നിമിഷ് ലത്തീഫ് (33) ആണ് കുവൈറ്റ് ദേശീയ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചത്.
മൂന്ന് വര്‍ഷമായി കുവൈറ്റ് ദേശീയ ടീമിന്റെ ക്യാമ്പിലുണ്ടെങ്കിലും ഇത് ആദ്യമാണ് 14 അംഗ ടീമില്‍ ഇടം പിടിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സംസ്ഥാന അണ്ടര്‍ 15, 17 ടീമുകിലും സംസ്ഥാന അണ്ടര്‍ 16, 19 സ്കൂള്‍ ടീമുകളും കളിച്ചിട്ടുണ്ട്.
കുവൈറ്റിൽ ജോലി ചെയ്യുന്നതിനും കമ്പനിയുടെ ടീമില്‍ കളിക്കുന്നതിനുമാണ് ആറ് വര്‍ഷം മുന്‍പ് നിമിഷ് കുവൈറ്റിലെത്തുന്നത്. പിന്നീട് കുവൈറ്റ് ആഭ്യന്തര ഡിവിഷന് എ ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന കുവൈറ്റ് കേരള പ്രീമിയര്‍ ലീഗില്‍ മികച്ച ബാറ്റ്സ്മാനായി നിമിഷിനെ തെരഞ്ഞെടുത്തിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്, എകെജെഎം, മൈക്കാ എന്നീ സ്കൂളുകളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പെരുന്തല്‍മണ്ണ എംഇഎ കോളജില്‍ നിന്ന് ബി ടെക് എടുത്ത ശേഷമാണ് കുവൈറ്റിലെത്തിയത്.
തേനംമാക്കല്‍ പരേതനായ ടി.എം. ലത്തീഫിന്റെയും ജമീല ലത്തീഫിന്റെയും മകനാണ്. ഭാര്യ: റിഥ ഫാത്തിമ. മകന്: ഫൈസാന്‍ മുഹമ്മദ്.