എബിസി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
1262522
Friday, January 27, 2023 11:23 PM IST
കോട്ടയം: പേവിഷ ബാധയ്ക്കുള്ള വാക്സിന്റെ കരുതൽ ശേഖരം സംസ്ഥാനത്ത് ആവശ്യത്തിനുണ്ടെന്നും തെരുവുനായ ശല്യം രൂക്ഷമായപ്പോൾ 11 ലക്ഷം വാക്സിനുകൾ സർക്കാർ അടിയന്തരമായി ലഭ്യമാക്കിയെന്നും മന്ത്രി ജെ. ചിഞ്ചുറാണി.
തെരുവുനായ ശല്യം നേരിടുന്നതിനായി കോട്ടയം കോടിമതയിൽ പണികഴിപ്പിച്ച എബിസി സെന്ററിന്റെ(അനിമൽ ബർത്ത് കണ്ട്രോൾ സെന്റർ) പ്രവർത്തനോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എബിസി സെന്ററിൽ പുതുതായി പണികഴിപ്പിച്ച പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. എബിസി സെന്റർ യാഥാർഥ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ നിർമല ജിമ്മി, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ടി.ജി. ഉല്ലാസ്കുമാർ, കാർട്ടണ് ഇന്ത്യ അലയൻസ് സ്റ്റാർട്ടപ്പ് കന്പനി മാനേജിംഗ് ഡയറക്ടർ കെ. മുഹമ്മദ് ആസിഫ് എന്നിവരെ മന്ത്രി വി.എൻ. വാസവൻ പൊന്നാടയണിയിച്ച് ആദരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കേന്ദ്രത്തിലെ സജ്ജീകരണങ്ങൾ
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് കോടിമത പച്ചക്കറിച്ചന്തയ്ക്കു സമീപമുള്ള എബിസി സെന്റർ. മാസം 250 തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്. 5.36 ലക്ഷം രൂപയാണ് എബിസി സെന്ററിന്റെ ഒരുമാസത്തെ പ്രവർത്തനച്ചെലവ്. വന്ധ്യംകരണം ചെയ്യുന്ന പെണ്നായ്ക്കളെ ശസ്ത്രക്രിയയ്ക്കുശേഷം അഞ്ചുദിവസവും ആണ്നായ്ക്കളെ നാലുദിവസവും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡിൽ പരിചരിച്ച് മുറിവുകൾ ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം പേവിഷ ബാധയ്ക്കെതിരേയുള്ള പ്രതിരോധവാക്സിനും നൽകിയശേഷമാണ് പുറത്തുവിടുക.
ഒരു എയർകണ്ടീഷൻഡ് ഓപ്പറേഷൻ തിയറ്റർ, പ്രീ ആൻഡ് പോസ്റ്റ് പരിചരണ സംവിധാനത്തോടു കൂടിയ മുറികൾ, സിസിടിവി നീരിക്ഷണ സംവിധാനം, ഓഫീസ് റൂം, സ്റ്റോർ റൂം, ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അണുനശീകരണ സംവിധാന മുറി, വന്ധ്യംകരണശസ്ത്രക്രിയക്കു ശേഷം മുറിവുണങ്ങുന്നതുവരെ ശുശ്രൂഷിക്കാനായി 48 നായ്ക്കൾക്കുള്ള കൂടുകളോടുകൂടിയ പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡ് എന്നിവ കൂടാതെ ജീവനക്കാർക്കുള്ള ഡോർമിറ്ററി സംവിധാനവും കോടിമത സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ഒരു വെറ്ററിനറി ഡോക്ടർ, ഒരു ഓപ്പറേഷൻ തീയറ്റർ സഹായി, നാല് ശ്വാനപരപാലകർ, മൂന്ന് ഡോഗ് കാച്ചേഴ്സ്, ഒരു ശുചീകരണ സഹായി എന്നിവരെയും സെന്ററിൽ നിയമിച്ചിട്ടുണ്ട്.