ദേശീയപാതയിൽ ഉയരപ്പാതയ്ക്കായി ഇനി സമരത്തിനില്ല: സിപിഎം
1487223
Sunday, December 15, 2024 4:58 AM IST
കായംകുളം: ദേശീയപാതയില്‍ തൂണില്‍ തീര്‍ത്ത ഉയരപ്പാത നിര്‍മിക്കുന്ന കാര്യത്തില്‍ എംഎല്‍എയും മുന്‍ എംപിയും ഇടപെട്ടില്ലെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഇനി ഉയരപ്പാതയ്ക്കായി സമരത്തിനില്ലെന്നും സിപിഎം ഏരിയ നേതൃത്വം വ്യക്തമാക്കി.
ഉയരപ്പാത വിഷയം ഉയര്‍ത്തി വോട്ട് നേടി വിജയിച്ച ഇപ്പോഴത്തെ എംപി കെ.സി. വേണുഗോപാല്‍ ദേശീയപാത സമരസമിതിയോട് കാണിച്ചത് വഞ്ചനയാണ്. 2017ലെ ദേശീയപാത അലയ്ൻമെന്റ് സമയത്ത് കെ.സി. വേണുഗോപാലായിരുന്നു ആലപ്പുഴ എംപി.
അദ്ദേഹത്തിന് കായംകുളം ജനതയുടെ ഉയരപ്പാത ആവശ്യത്തില്‍നിന്നു ഒഴിഞ്ഞ് മാറാനാകില്ല. കായംകുളത്ത് പ്രവര്‍ത്തിച്ചു വരുന്ന ഒട്ടുമിക്ക കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും യാതൊരു കാരണവുമില്ലാതെ ബിജെപി സര്‍ക്കാര്‍ അടച്ചുപൂട്ടിക്കുകയാണ്.
ഇതിനെതിരേ സിപിഎം ശക്തമായ സമരം സംഘടിപ്പിക്കും. എന്നാല്‍, ദേശീയപാത നിര്‍മാണം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുന്നതിനാല്‍ ഇനി ഉയരപ്പാത വിഷയത്തില്‍ സിപിഎം സമരരംഗത്തേക്കില്ലെന്നും സിപിഎം നേതാക്കന്മാർ പറഞ്ഞു.