കായംകുളത്ത് സിപിഎമ്മിൽ വിഭാഗീയതയില്ല; പ്രചാരണം വാസ്തവവിരുദ്ധമെന്ന്
1487222
Sunday, December 15, 2024 4:58 AM IST
കായംകുളം: കായംകുളത്ത് സിപിഎമ്മിൽ വിഭാഗീയതയില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എച്ച്. ബാബുജാന്, മുന്‍ ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്, ഏരിയ സെക്രട്ടറി ബി. അബിന്‍ഷ എന്നിവര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇവിടെ പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത ഉണ്ടെന്ന തരത്തില്‍ വരുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്.
പാര്‍ട്ടി മാനദണ്ഡമനുസരിച്ച് മൂന്നു തവണ ഏരിയാ സെക്രട്ടറി ആയതിനാലാണ് പി. അരവിന്ദാക്ഷനെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കാതിരുന്നത്. ഐകകണ്ഠ്യേനയാണ് ഏരിയാ സെക്രട്ടറിയായി ബി. അബിന്ഷായെയും 21 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി നേതാക്കന്മാരെയും പ്രസ്ഥാനത്തെയും സോഷ്യല്‍ മീഡിയ വഴി അവഹേളിക്കുന്ന പ്രവണതകള്‍ ചില പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായി.
ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. നാളെ ജിഡിഎം ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കുന്ന ബഹുജന റാലിയും റെഡ് വോളന്റിയര്‍ മാര്‍ച്ചും എല്‍മെക്സ് ഗ്രൗണ്ടിലെ എം.ആര്. രാജശേഖരന് നഗറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുന്‍ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്, സി.എസ്. സുജാത, ആര്. നാസര്‍, കെ.എച്ച്. ബാബുജാന്, എ. മഹേന്ദ്രന്, യു. പ്രതിഭ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.