അംഗീകാരമില്ല, അന്തേവാസികളെ മാറ്റി; സ്ഥാപനത്തിനെതിരേ നടപടി
1486741
Friday, December 13, 2024 5:24 AM IST
ആലപ്പുഴ: കളര്‍കോട് അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന മരിയഭവന് എന്ന സ്ഥാപനത്തില്‍നിന്നും വയോജനങ്ങളെ ജില്ലാ സാമൂഹ്യനീതി ഓഫീസി ന്റെ നേതൃത്വത്തില്‍ അംഗീകൃത സ്ഥാപനങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചു. സ്ഥാപനത്തിലെ താമസക്കാരിയുടെ ആരോഗ്യനില വളരെ മോശമാണെന്നും ചികിത്സയും പരിചരണവും ലഭിക്കുന്നില്ലെന്നും ജില്ലാ കളക്ടര്‍ക്കു പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.
ആരോഗ്യനില മോശമായ താമസക്കാരിയെ ഐസിഡിഎസ് ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മുഖേന വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വകുപ്പ് മേധാവിയുമായി ബന്ധപ്പെട്ട് താമസക്കാരിക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കിയിട്ടുണ്ട്.
നിലവില്‍ സ്ഥാപനത്തില്‍ ആറു താമസക്കാരാണ് ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ അടുക്കളയും മറ്റും വൃത്തിഹീനമായ സ്ഥിതിയിലാണ് കാണപ്പെട്ടത്. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥാപനം സന്ദര്‍ശിച്ച് പരിശോധന നടത്തി.
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരേ നടപടി സ്വീകരിക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അബീന് എ.ഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ സാമൂഹ്യനീതി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എം.വി. സ്മിത, ജൂണിയര്‍ സൂപ്രണ്ട് സലീഷ്കുമാര്, എസ്സി/ഒസിബി കൗണ്‍സിലര്‍മാരായ അനില, രശ്മി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
ജില്ലയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വയോജന മന്ദിരങ്ങളോ മറ്റ് ക്ഷേമ സ്ഥാപനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍: 0477-2253870.