നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു മുഖ്യ പങ്ക്: മന്ത്രി പി. പ്രസാദ്
1487217
Sunday, December 15, 2024 4:58 AM IST
ചേര്‍ത്തല: വായിക്കാനും ചിന്തിക്കാനും വിലയിരുത്താനും പ്രതികരിക്കാനും സമൂഹത്തിന് ഊര്‍ജം നല്കുന്ന മാധ്യമങ്ങളാണ് സമൂഹത്തിന്റെ പരിഷ്കരണം നിര്‍വഹിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ്. ചേര്‍ത്തല സംസ്കാരയുടെ നേതൃത്വത്തില്‍ നടത്തിയ മാധ്യമ സെമിനാറും സാഹിത്യസംഗമവും ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ലസമൂഹത്തെ വാര്‍ത്തെടുക്കുന്നത് യഥാര്‍ഥത്തില്‍ മാധ്യമങ്ങളാണ്.
ജനങ്ങളുടെ സ്പന്ദനം അറിഞ്ഞ് യഥാസമയം ഇടപെടലുകൾ നടത്തുന്നതാണ് മാധ്യമപ്രവര്‍ത്തനം. ജനങ്ങളുടെ ഇടങ്ങളാണ് പത്രങ്ങളുടെ പ്രാദേശിക പേജുകള്‍.
ഇന്ന് പത്രങ്ങളുടെ ആത്മാവായി പ്രാദേശിക പേജുകള്‍ മാറുന്നത് ജനങ്ങള്‍ക്കു പറയാനുള്ളത് അധികൃതരെ ബോധ്യപ്പെടുത്തുന്നതിലൂടെയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമസ്വാതന്ത്യം എന്ന വിഷയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര് എം. മാക്കയില്‍ അവതരിപ്പിച്ചു. ചേര്‍ത്തല വുഡ്ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ഗീതാ തുറവൂര്‍ അധ്യക്ഷത വഹിച്ചു.
അന്തരിച്ച സാഹിത്യകാരന്മാരായ ഉല്ലല ബാബു, അഡ്വ.നിക്ളാസ്, ശിവസുധ എന്നിവരുടെ അനുസ്മരണം നടത്തി. സെക്രട്ടറി വെട്ടയ്ക്കല്‍ മജീദ്, പ്രദീപ് കൊട്ടാരം, ബേബി തോമസ്, കെ.കെ. ജഗദീശന്, ടി.പി. സുന്ദരേശന്, കെ.പി. ജയകുമാര്‍, പി.പി. രാജേഷ്, പി.ദിലീപ്, ബാലചന്ദ്രന് പാണാവള്ളി, ജോസഫ് മാരാരിക്കുളം, കമലാസനന് വൈഷ്ണവം എന്നിവര്‍ പ്രസംഗിച്ചു.