കായംകുളം വള്ളംകളി : കാരിച്ചാൽ ചുണ്ടന് കിരീടം
1487216
Sunday, December 15, 2024 4:58 AM IST
കായംകുളം: ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കായംകുളം കായലിൽ നടന്ന അഞ്ചാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് ജേതാക്കളായി. പത്ത് തുഴപ്പാടുകള്ക്കു പിന്നിട്ടുനിന്ന പിബിസി കാരിച്ചാല്‍ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ് നടത്തിയാണ് ഒന്നാമതെത്തിയത്. വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം രണ്ടാമതും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന് മൂന്നാമതും ഫിനിഷ് ചെയ്തു.
സിബിഎല്ലില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ നിരണം ചുണ്ടന് ഇക്കുറി ഒന്നാമതെത്തുമെന്നാണ് തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍, തുടക്കത്തിലെ കുതിപ്പ് ഫിനിഷ് ചെയ്യുന്നതില്‍ കാണിക്കാന്‍ അവര്‍ക്കായില്ല. പിബിസി കാരിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. വിബിസി വീയപുരം രണ്ടാമതും നിരണം ചുണ്ടന് പട്ടികയില്‍ മൂന്നാമതുമെത്തി.
21ന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി ഗ്രാന്റ് ഫിനാലെ മത്സരത്തോടെ ഇക്കൊല്ലത്തെ സിബിഎല്ലിന് സമാപനമാകും. തലവടി (യുബിസി കൈനകരി) നാല്, നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) അഞ്ച് ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്)ആറ്, മേല്‍പ്പാടം (കുമരകം ബോട്ട് ക്ലബ്) ഏഴ്, പായിപ്പാട് (ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ആയാപറമ്പ് വലിയദിവാന്‍ജി (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് അവസാനവട്ട സ്ഥാനങ്ങള്‍.
യു. പ്രതിഭ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ പി. ശശികല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.