പൊങ്കാല അർപ്പിച്ച സ്ഥലങ്ങൾ മണിക്കൂറുകൾക്കുള്ളിൽ ശുചീകരിച്ച് നഗരസഭ
1487213
Sunday, December 15, 2024 4:43 AM IST
ചെങ്ങന്നൂർ: ഭക്തർ പൊങ്കാല അർപ്പിച്ച സ്ഥലങ്ങൾ മണിക്കൂറുകൾക്കുള്ളിൽ ശുചീകരിച്ച് ചെങ്ങന്നൂർ നഗരസഭ മാതൃകയായി. നഗരസഭാ പരിധിയിൽ എംസി റോഡിൽ മുണ്ടൻകാവ് മുതൽ ആഞ്ഞിലിമൂട് വരെയുള്ള ഭാഗങ്ങളിലും ഇടവഴികളും ഭക്തർ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല അർപ്പിച്ച സ്ഥലങ്ങളിലാണ് ശുചീകരണം നടത്തിയത്.
പൊങ്കാല അടുപ്പുകളും വഴിയരികിലെ മറ്റു മാലിന്യങ്ങളും മണിക്കൂറുകൾക്കുള്ളിൽ നഗരസഭ ശുചീകരണ തൊഴിലാളികളും ഹരിത കർമ സേനാംഗങ്ങളും ചേർന്ന് നീക്കം ചെയ്തു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷയുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകിയത്.
നേരത്തെ പരുമല തീർഥാടന കാലത്തും സമാനരീതിയിൽ തീർഥാടകർ കടന്നുപോകുന്ന എല്ലാ റോഡുകളും മണിക്കൂറുകൾക്കുള്ളിൽ നഗരസഭ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരിച്ചിരുന്നു.