വയോജന കൂട്ടായ്മയിലൂടെ അൽഷിമേഴ്സിനെ തുരത്താം; ടോക്കിംഗ് പാർലറിനു തുടക്കമായി
1487221
Sunday, December 15, 2024 4:58 AM IST
ആലപ്പുഴ: വാർധക്യത്തിൽ ഒറ്റപ്പെടുന്നവർക്കായി സമപ്രായക്കാരുടെ ഒത്തുകൂടലും സംസാരവും. ഓർമകൾ പങ്കുവച്ച് അൽഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും പുതിയ സൗഹൃദത്തിലൂടെ സാധിക്കും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടോക്കിംഗ് പാർലർ ജില്ലയിൽ തുടക്കമായി.
ഹെൽത്തി ഏജ്മൂവ്മെന്റിന്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ വിദേശരാജ്യങ്ങളിൽ ടോക്കിംഗ് പാർലറുകളുണ്ട്. മുതിർന്ന പൗരന്മാർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഒരിടത്ത് ഒത്തുകൂടി ഇഷ്ട വിഷയങ്ങൾ ചർച്ച ചെയ്ത് ഓർമകൾ പങ്കുവയ്ക്കും.
നാട്ടിൻപുറങ്ങളിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന വയോജന കൂട്ടായ്മ, ഒത്തുചേരൽ വീണ്ടും സജീവമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ സൂത്രധാരൻ കൊല്ലം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാറാണ്. ഹെൽത്ത് ഏജ്മൂവ്മെന്റ് കോ -ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള അധ്യക്ഷത വഹിച്ചു.