പൊങ്കാല അര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍
1486931
Saturday, December 14, 2024 4:51 AM IST
എടത്വ: സ്ത്രീ ശബരിമലയെന്ന് പ്രസിദ്ധി നേടിയ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷോപലക്ഷം ഭക്തര്‍ ഇന്നലെ പൊങ്കാല അര്‍പ്പിച്ചു. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തജനങ്ങള്‍ പൊങ്കാലയില്‍ പങ്കെടുത്തു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാനെത്തി.
ക്ഷേത്രത്തിന് ചുറ്റുമുള്ള 70 കിലോമീറ്റര്‍ പ്രദേശങ്ങള്‍ യാഗഭൂമിയായി മാറി. തകഴി-തിരുവല്ലാ-കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, എടത്വ-തകഴി, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാര്‍-മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായി പൊങ്കാല അടുപ്പുകള്‍ നിരന്നു.
തൃക്കാര്‍ത്തിക ദിനത്തിലെ പൊങ്കാലയുടെ പുണ്യം നുകരാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തര്‍ ബുധനാഴ്ച മുതലേ ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തി യിരുന്നു. കസവുപുടവ അണിഞ്ഞ് നാവില്‍ ദേവീ സ്തുതികളും കൈയില്‍ പൂജാദ്രവ്യങ്ങളുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ദേവീകടാക്ഷത്തിനായി പൊങ്കാല അര്‍പ്പിച്ചത്.
പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 10ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും നടന്നു. 10.30ന് ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന പൊങ്കാല സമര്‍പ്പണച്ചടങ്ങില്‍ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍നിന്നും മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പകര്‍ന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നതോട പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു.
പണ്ടാര പൊങ്കാല അടുപ്പില്‍നിന്ന് ഭക്തര്‍ നേദ്യ അടുപ്പുകളിലേക്ക് തീ പകര്‍ത്തി. ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.
പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന ഭക്തജനസംഗമം കേന്ദ്ര പെട്രോളിയം-ടൂറിസം മന്ത്രി സുരേഷ് ഗോപിയുടെ സഹധര്‍മ്മിണി രാധികയും മകന് ഗോകുല്‍ സുരേഷും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
നിവേദ്യ പാകപ്പെടുത്തിയതിനുശേഷം 500ല്‍പരം വേദ പണ്ഡിതന്മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിച്ചു. പൊങ്കാല നേദ്യത്തിനുശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.
വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് അധ്യക്ഷത വഹിച്ചു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഐഎഎസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നിപകര്‍ന്നു. ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരി ഭദ്രദീപ പ്രകാശനവും മുഖ്യകാര്യദര്‍ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നിര്‍വഹിച്ചു.
ക്ഷേത്രം മേല്‍ശാന്തി അശോകന് നമ്പൂതിരി മംഗളാരതി സമര്‍പ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഡി. വിജയകുമാര്‍, ഉത്സവകമ്മിറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി പി.കെ. സ്വാമിനാഥന് എന്നിവര്‍ പങ്കെടുത്തു.