പാണ്ടി ചെറുതുരുത്ത് പാടശേഖരത്തും മടവീണു
1487205
Sunday, December 15, 2024 4:43 AM IST
എടത്വ: ചമ്പക്കുളം കൃഷിഭവന് പരിധിയില്‍ വരുന്ന ചെറുതന പഞ്ചായത്ത് പാണ്ടി ചെറുതുരുത്ത് പാടത്ത് മടവീണു. പാണ്ടി ചെറുതുരുത്ത് പാടത്ത് ബണ്ട് തകര്‍ന്നാണ് മടവീണത്. കര്‍ഷകരുടെ ശ്രമഫലമായി തകര്‍ന്ന ബണ്ട് പുനഃസ്ഥാപിച്ചു.
ബണ്ട് തകര്‍ന്ന് പാടത്ത് വെള്ളം കയറിയെങ്കിലും കര്‍ഷകരുടെ കൂട്ടായ ശ്രമഫലത്തില്‍ മുളംകുറ്റി അടിച്ച് ചാക്കില്‍ മണ്ണുനിറച്ച് ബണ്ട് അടയ്ക്കുകയായിരുന്നു. വിത കഴിഞ്ഞ് 35 ദിവസം പിന്നിട്ട പാടത്താണ് മടവീഴ്ച ഉണ്ടായത്.
മടവീണതിനെത്തുടര്‍ന്ന് കരിക്കംപള്ളില്‍ ചിറയില്‍ ജോജിയുടെ ഒരു ഏക്കറോളം പാടശേഖരത്ത് കട്ടയും മണ്ണും അടിഞ്ഞ നിലയിലുമാണ്. അപ്പര്‍ കുട്ടനാട്ടല് ജലനിരപ്പ് ഉയര്‍ന്നതോടെ പുഞ്ചകൃഷിക്ക് ഭീക്ഷണി നേരിടുന്നതായി കര്‍ഷകര്‍ പറയുന്നു.
അതിശക്തമായ വേലിയേറ്റമാണ് ഇപ്പോള്‍. കുട്ടനാട്ടിലെ ഒട്ടുമിക്ക മേഖലയിലും ജലനിരപ്പ് അപകട നിലയ്ക്കു മുകളിലാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവിനൊപ്പം മഴയും അതിശക്തമായ വേലിയേറ്റവും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ മിക്ക പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. പല പാടശേഖരങ്ങളുടെയും പുറംബണ്ടില്‍ വിള്ളല്‍ രൂപപ്പെടുന്നുണ്ട്.
കര്‍ഷകരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് മടവീഴ്ച ഒഴിവാകുന്നത്. ശക്തമായ വേലിയേറ്റം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ റെഗുലേറ്റ് ചെയ്ത് വെള്ളത്തിന്റെ ലവല്‍ ക്രമീകരിക്കണമെന്നും ബണ്ടു കുത്തുന്നതിനു പാടശേഖരത്തിനു ചെലവായ തുക സര്‍ക്കാര്‍ നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.