മത്സ്യത്തൊഴിലാളികളെ അവഗണിക്കരുത്: കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ
1487220
Sunday, December 15, 2024 4:58 AM IST
ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മായം ചേരാത്ത ശുദ്ധമായ മത്സ്യം ജനങ്ങൾക്ക് ലഭ്യമാക്കാൻ തെരുവോരങ്ങളിൽ വലകുടഞ്ഞ് മത്സ്യം വിൽക്കുന്നത് തടഞ്ഞ് മത്സ്യവും ഉപകരണങ്ങളും നശിപ്പിച്ച് പണം പിടിച്ചെടുത്ത ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ കേന്ദ്ര കമ്മിറ്റി.
ക്ലോറിനും ഫോർമാലിനും ചേർന്ന പഴക്കംചെന്ന മത്സ്യം വിൽക്കുന്ന കരാറുകാർക്ക് അനുകൂലമായി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ നഗരപരിധിയിൽനിന്ന് ആട്ടിയകറ്റാനുള്ള ഗൂഢതന്ത്രം അവസാനിപ്പിച്ചില്ലെങ്കിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നഗരസഭ ഉപരോധിക്കുമെന്ന് കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ കേന്ദ്രകമ്മിറ്റി മുന്നറിയിപ്പ് നൽകി.
മാർക്കറ്റുകളിൽ മാത്രം വിൽപ്പന നടത്തിയിരുന്ന മത്സ്യം തെരുവോരങ്ങളിൽ പരസ്യമായി വിൽക്കാൻ അനുമതി നൽകിയ നഗരസഭ വൻകിട കച്ചവടക്കാരുടെ ഇടനിലക്കാരായി പ്രവർത്തിച്ചാൽ ശക്തമായ എതിർപ്പ് നേരിടേണ്ടി വരും.
ഇടനിലക്കാർ തുച്ഛമായ വില നൽകി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പറ്റിക്കുന്നത് അവസാനിപ്പിക്കുവാനാണ് നേരിട്ട് മത്സ്യം ജനങ്ങളിൽ എത്തിക്കുന്ന വില്പനരീതി ആവിഷ്കരിച്ചത്. ശക്തമായ സമരപരിപാടികൾ ഇതിനെതിരേ ആവിഷ്കരിക്കാൻ കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.