പോക്സോ കേസില്‍ കളരി ആശാന് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
1486927
Saturday, December 14, 2024 4:51 AM IST
ചേര്‍ത്തല: കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയെന്ന കേസില്‍ പ്രതിക്കു 12 വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ. ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡില്‍ വാടകയ്ക്കു താമസിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരോട് പ്ലാമൂട്ട് തൈവിളാകത്ത് മേലേതട്ട് പുത്തന്‍വീട്ടില്‍ പുഷ്കര(64)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗകോടതി (പോക്സോ) ശിക്ഷിച്ചത്.
ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡിലെ വാടകവീട്ടില്‍ മര്‍മ-തിരുമ്മുകളരി പയറ്റ് സംഘം നടത്തിവരികയായിരുന്നു പ്രതി. ഇവിടെ കളരി അഭ്യസിക്കുന്നതിനായെത്തിയ ആണ്‍കുട്ടിയെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് കളരിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതു മറ്റൊരു ദിവസവും തുടര്‍ന്നു.
2022 ജൂണിലായിരുന്നു സംഭവം. തുടര്‍ന്ന് കളരിയില്‍ പോകുന്നതിന് വിമുഖത കാണിച്ച കുട്ടിയോട് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ആള് ഉപദ്രവിച്ചതിനും ഒന്നില്‍ കൂടുതല്‍ തവണ ഉപദ്രവിച്ചതിനുമടക്കം വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാരിനോട് കോടതി ശിപാര്‍ശ ചെയ്തു. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 14 സാക്ഷികളെയും 16 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി. ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.ജെ. ആന്റണിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ. നിധി, ഷൈനിമോള് എന്നിവരും പ്രോസിക്യൂഷന് വിംഗിലെ ഓഫിസര്‍മാരായ എ. സുനിത, ടി.എസ്. രതീഷ് എന്നിവരും പങ്കാളികളായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബീന കാര്ത്തികേയന്, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.