സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോർമർ കുട്ടികളുടെ ജീവനു ഭീഷണിയാകുന്നു
1487206
Sunday, December 15, 2024 4:43 AM IST
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ - ഇരമല്ലിക്കര - പ്രാവിൻകൂട് റോഡിൽ കീത്തലപ്പടിക്കൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിന് സംരക്ഷണ വേലിയില്ലാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നതായി പരാതി.
റോഡരികിൽ തന്നെയാണ് കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. ട്രാൻസ്ഫോർമർ സ്ഥാപിക്കുമ്പോൾ സംരക്ഷണകവചം കൂടി നിർമിക്കണമെന്നുള്ളത് പാലിക്കാതെയാണ് ഇവിടെ ഇത് സ്ഥാപിച്ചിരിക്കുന്നത്.
തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, യുപി, എൽപി എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ റോഡിലൂടെ കടന്നു പോകുന്നുണ്ട്. 100 കിലോവാട്ട് ആമ്പിയറിൽ 11,000 വോൾട്ട് വൈദ്യുതിയാണ് ഇതിലൂടെ പ്രവഹിക്കുന്നത്. സമീപത്ത് വീടുകൾ ഉണ്ടെങ്കിലും എപ്പോഴും ആൾക്കാരുടെ ശ്രദ്ധ ഇവിടെ കേന്ദ്രീകരിക്കണമെന്നില്ല.
അടിയന്തരമായി സുരക്ഷാ കവചം നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മിക്ക ദിവസങ്ങളിലും രാത്രിയിൽ ഈ ഭാഗത്തെ തെരുവുവിളക്കുകളും തെളിക്കാറില്ല. ഇതിന്റെ മറവിൽ ചില സാമൂഹ്യവിരുദ്ധശല്യവും ചുറ്റും കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചുവരുന്നതായി പ്രദേശവാസികളുടെ ഇടയിൽനിന്നും പരാതി ഉയരുന്നുണ്ട്.