കായംകുളം സിപിഎം ഏരിയ സമ്മേളനം: എംഎൽഎയ്ക്കും ഏരിയ സെക്രട്ടറിക്കും രൂക്ഷ വിമർശനം
1486934
Saturday, December 14, 2024 4:58 AM IST
കായംകുളം: സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ യു. പ്രതിഭ എംഎൽഎയ്ക്കും ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷനുമെതിരേ രൂക്ഷവിമർശനം.
പുള്ളിക്കണക്ക് സർവീസ് സഹകരണ ബാങ്ക് അഴിമതി കേസിൽ ഉൾപ്പെടുകയും ആരോപണ വിധേയനാകുകയും ചെയ്ത ആൾ തന്നെ ഏരിയ സെക്രട്ടറിയായി തുടർന്നത് പാർട്ടിക്ക് അപമാനമായെന്ന് വിമർശനം ഉയർന്നു. ഏരിയ സെക്രട്ടറിക്കെതിരേ ഗുരുതര അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. ഇതിൽ അന്വേഷണം വേണം.
എംഎൽഎ പാർട്ടി ഘടകങ്ങളോട് ആലോചിക്കാതെ സ്വന്തം നിലയിൽ പദ്ധതികൾ പ്രഖ്യാപിക്കുകയും പാർട്ടിയെ മറികടന്ന് പ്രവർത്തിക്കാൻ ശ്രമിക്കുകയാണെന്നും ഇത് തിരുത്തണമെന്നും വിമർശനം ഉയർന്നു. കണ്ടല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ആഡംബര കാർ ഉപയോഗിക്കുന്നതും വിമർശനത്തിന് ഇടയാക്കി.
ഔദ്യോഗിക പാനലിനെതിരേ മൂന്നുപേർ മത്സരത്തിനു തയാറായി. വിഭാഗീയത പ്രകടമാക്കി മൂന്നുപേർ ഏരിയ കമ്മിറ്റിയിലേക്ക് മത്സരിക്കാൻ തയാറായി . ജെ.കെ. നിസാം, മായ.റ്റി, എ. നാസർ എന്നിവരാണ് മത്സരിക്കാൻ തയാറായത്. മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ ഇടപെട്ട് മത്സരം ഒഴിവാക്കി.