മദ്യലഹരിയില്‍ യുവാവ് അച്ഛനെ കുത്തിക്കൊന്നു
1486925
Saturday, December 14, 2024 4:51 AM IST
ഹരിപ്പാട്: മദ്യലഹരിയില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. ചേപ്പാട് വലിയകുഴിയില്‍ അരുണ്‍ ഭവനത്തില്‍ സോമന്‍പിള്ള (62) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് അരുണ്‍ എസ്. നായരെ (29) കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയില്‍ മദ്യപിച്ചെത്തിയ അരുണും സോമന്പിള്ളയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും വീടിനു പുറത്തേക്കു പോയി. കൂറേയേറെ സമയം കഴിഞ്ഞ് അരുണ്‍ വീട്ടിലെത്തി ഭാര്യയോടായി അച്ഛന് പുറത്ത് വീണുകിടക്കുന്നതായി പറഞ്ഞു. ഉടന്‍തന്നെ സോമന്‍പിള്ളയെ ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ വീണ് പരിക്കേറ്റതായാണ് പറഞ്ഞിരുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സോമന്‍പിള്ള മരണപ്പെട്ടിരുന്നു. തുടര്‍ന്ന് അരുണിനെയും ഭാര്യയെയും അമ്മ പ്രസന്നകുമാരിയെയും പോലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചു.
അരുണിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് വിശദമായി ചോദ്യം ചെയ്യല്‍ നടത്തിയതിനെ തുടര്‍ന്നാണ് അരുണ്‍ സോമന്‍പിള്ളയുടെ പുറത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായി സമ്മതിച്ചത്.
ഇരുവരും വൈകിട്ട് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതിനാല്‍ വീട്ടുകാര്‍ സംഭവം ശ്രദ്ധിച്ചിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന്. രാജന്‍പിള്ളയുടെ മകള്‍ അരുന്ധതി.