മോദിസർക്കാർ വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കുന്നു: മന്ത്രി സജി ചെറിയാൻ
1487207
Sunday, December 15, 2024 4:43 AM IST
ചെങ്ങന്നൂർ: കഴിഞ്ഞ എട്ടുവർഷമായി എൽഡിഎഫ് സർക്കാരുകൾ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് വിദ്യാഭ്യാസരംഗത്താണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. രാജ്യത്ത് ഒരു സർക്കാരും വിദ്യാഭ്യാസത്തിനായി ഇത്രയും പണം മുടക്കിയിട്ടില്ല.
ചെങ്ങന്നൂരിൽ ആരംഭിച്ച കെഎസ്ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് വിദ്യാഭ്യാസത്തെ കച്ചവട താത്പര്യങ്ങൾക്കായി മാറ്റുന്നതിനുള്ള ആലോചനകൾ ആരംഭിച്ചത്. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കുന്നതിനുള്ള ഭാഗമായി നാഷണൽ എജ്യൂക്കേഷൻ പോളിസി നിയമമാക്കി.
നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് തയാറാക്കിയതോടെ പൊതുവിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വലിയ തോതിൽ കൈവശപ്പെടുത്തുവാനുള്ള ശ്രമം ആരംഭിച്ചു.
ശാസ്ത്ര വിരുദ്ധ, യുക്തി വിരുദ്ധ ആശയങ്ങളാണ് കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്നത്. ഭാരതീയ അറിവുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതായും മന്ത്രി സജി ചെറിയാൻ പറഞ്ഞു.