നഷ്ടപരിഹാരം ലഭിച്ചിട്ടും പണം ചെലവഴിക്കുന്നില്ല : ചുറ്റുമതിലില്ലാതെ സ്കൂൾ പരിസരം
1486740
Friday, December 13, 2024 5:24 AM IST
അന്പലപ്പുഴ: ദേശീയപാതാ വികസനത്തിനായി സർക്കാർ സ്കൂളിന്റെ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും നഷ്ടപരിഹാരം ലഭിച്ചിട്ടും സ്കൂൾ വികസനത്തിനായി പണം ചെലവഴിക്കുന്നില്ല. ചുറ്റുമതിലില്ലാത്ത സ്കൂൾ പരിസരം സാമൂഹിക വിരുദ്ധ കേന്ദ്രമായി മാറുന്നു. കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നു ക്ലാസ് മുറികളുള്ള കെട്ടിടം പൊളിച്ചയിനത്തിലും ആറ് സെന്റ് സ്ഥലമേറ്റെടുത്ത വകയിലും ലക്ഷങ്ങളാണ് നഷ്ടപരിഹാരത്തുകയായി ലഭിച്ചത്.
സ്കൂളിന്റെ ചുമതലയുള്ള ജില്ലാ പഞ്ചായത്തിനാണ് ഈ തുക ലഭിച്ചത്. എന്നാൽ, ഈ തുകയിൽനിന്ന് ഒരുരൂപ പോലും സ്കൂളിന്റെ വികസനത്തിനായി ചെലവഴിച്ചിട്ടില്ലെന്നാണ് രക്ഷാകർത്താക്കളുടെ പരാതി.
ചുറ്റുമതിൽ ഇല്ലാത്തതിനെത്തുടർന്ന് സ്കൂളിൽ സാമൂഹിക വിരുദ്ധശല്യം വർധിക്കുകയാണ്. എന്നിട്ടും ചുറ്റുമതിൽ നിർമിക്കാൻ ജില്ലാ പഞ്ചായത്ത് തയാറായിട്ടില്ല. ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു സുരക്ഷിതത്വവുമില്ലെന്ന പരാതിയാണ് രക്ഷാകർത്താക്കൾക്കുള്ളത്. ചുറ്റുമതിലില്ലാത്തതിനെത്തുടർന്ന് സ്കൂൾ പരിസരം എപ്പോഴും സാമൂഹിക വിരുദ്ധരുടെ താവളമായി മാറി.
കൂടാതെ സ്കൂളിന് മുൻവശം കാടുപിടിച്ചു കിടക്കുന്നത് വിദ്യാർഥികളുടെ ജീവനും ഭീഷണിയായിരിക്കുകയാണ്. നഷ്ടപരിഹാരത്തുകയിനത്തിൽ ലക്ഷങ്ങൾ ലഭിച്ചിട്ടും ജില്ലാ പഞ്ചായത്ത് സ്കൂളിൽ ഒരു വികസനവും നടത്തുന്നില്ലെന്നാണ് പരാതി. ഇതിനെതിരേ വിദ്യാർഥികളുമായി ചേർന്ന് സമരം സംഘടിപ്പിക്കുമെന്നും രക്ഷാകർത്താക്കൾ പറഞ്ഞു.