മറ്റപ്പള്ളിയിൽ ആഭ്യന്തരവകുപ്പിന്റെ പത്തേക്കർ സ്ഥലം കാടുകയറി
1487215
Sunday, December 15, 2024 4:58 AM IST
ചാരുംമൂട്: പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയില്‍ ആഭ്യന്തരവകുപ്പിന്റെ അധീനതയിലുള്ള പത്ത് ഏക്കര്‍ സ്ഥലം കാടുകയറി നശിക്കുന്നു. ആശാന് കലുങ്ക്-പന്തളം റോഡരികിലുള്ള സ്ഥലം നൂറനാട് പോലീസ് സ്റ്റേഷന് പരിധിയിലാണ്. 28 വര്‍ഷം മുമ്പുവരെ ഇവിടെ പോലീസിന്റെ വെടിവയ്പ് പരിശീലനകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു.
കാട്ടുപന്നിശല്യം ഒഴിവാക്കാനായി സ്ഥലത്തെ കാടുവെട്ടിത്തെളിച്ചു വൃത്തിയാക്കുമെന്ന് മൂന്നു വര്‍ഷംമുമ്പ് ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. 1991ല്‍ ഐഎച്ച്ഡിപി കോളനിയായി പ്രഖ്യാപിച്ച സ്ഥലമാണ് മറ്റപ്പള്ളി. വര്‍ഷങ്ങളായി ഒട്ടേറെ പദ്ധതികള്‍ ഇവിടേക്ക് സര്‍ക്കാര്‍ ആസൂത്രണം ചെ യ്തുവെങ്കിലും ഒന്നുപോലും നടപ്പായില്ല.
ഇവിടെയിപ്പോള്‍ ശൗചാലയ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നടക്കുന്ന നീക്കത്തിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാലിന്യപ്ലാന്റിനുവേണ്ടി 50 സെന്റ് സ്ഥലമാണ് ആഭ്യന്തരവകുപ്പിനോട് ശുചിത്വമിഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സ്ഥലം അളന്നുതിരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
1957ലാണ് പോലീസിന്റെ വെടിവയ്പ് പരിശീലനകേന്ദ്രത്തിനായി മറ്റപ്പള്ളിയിലെ സ്ഥലം സ്വകാര്യവ്യക്തിയില്‍നിന്ന് ആഭ്യന്തരവകുപ്പ് വാങ്ങിയത്. ആദ്യം കേരള പോലീസും പിന്നീട് എന്‍സിസിയും വെടിവയ്പ് പരിശീലനത്തിനായി സ്ഥലം ഉപയോഗി ച്ചു. പോലീസ് ഫയറിംഗ് ബെഡ് എന്ന പേരിലാണ് സ്ഥലം അറിയപ്പെട്ടിരുന്നത്.
അലക്സാണ്ടര്‍ ജേക്കബ് ജയില്‍ മേധാവി ആയിരുന്നപ്പോള്‍ ഇവിടെ ജയില്‍ ആശുപത്രി സ്ഥാപിക്കുന്നതിന് നടപടിയെടുത്തിരുന്നു. 300 കിടക്കകളുള്ള ആശുപത്രിയായിരുന്നു ലക്ഷ്യം. ഇതില്‍ 150 കിടക്കകള്‍ പൊതുജനങ്ങള്‍ക്കായി നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, പദ്ധതി നടപ്പായില്ല. പിന്നീട്, കേന്ദ്രീയവിദ്യാലയം തുടങ്ങാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല.
2014ല്‍ തണ്ടര്‍ബോള്‍ട്ടിന്റെ കമാന്‍ഡോ പരിശീലനകേന്ദ്രം തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2014 ഓഗസ്റ്റ് ഏഴിന് അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കെട്ടിടത്തിനു തറക്കല്ലിട്ടു.
ആദ്യ പടിയായി ചെറിയൊരു കെട്ടിടം പണിതെങ്കിലും പ്രയോജനമില്ലാതെ കിടക്കുകയാണ്. ഇതിനുശേഷം തീവ്രവാദവിരുദ്ധ സ്ക്വാഡിന്റെ ബറ്റാലിയന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സ്ഥലത്ത് നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുന്ന പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.