തിരുനാളാഘോഷം
1546197
Monday, April 28, 2025 3:44 AM IST
കട്ടപ്പുറം പള്ളിയില്‍
തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് വികാരി ഫാ. ജോജി എം. ഏബ്രഹാം കൊടിയേറ്റി. മേയ് മൂന്നു മുതല്‍ ഏഴുവരെയാണ് പെരുന്നാള്‍. മൂന്നിന് രാത്രി ഏഴിന് മണിപ്പുഴയില്‍ നിന്ന് റാസ, നാലിന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഏബ്രഹാം വര്‍ഗീസ് കാര്‍മികത്വം വഹിക്കും. രാത്രി ഏഴിന് അഴിയിടത്തുചിറ റാസ, അഞ്ചിനു രാത്രി ഏഴിന് പെരിങ്ങര റാസ.
ആറിന് വൈകുന്നേരം നാലിന് തോണിക്കടവ് റാസ, വൈകുന്നേരം ആറിന് ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ പീലക്സിനോസിന്റെ നേതൃത്വത്തില്‍ സന്ധ്യാനമസ്കാരം, രാത്രി ഏഴിന് കാവുംഭാഗം റാസ, എട്ടിന് സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന, ശ്ലൈഹിക വാഴ്വ്, രാവിലെ 8.30ന് ഡോ. ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, വെച്ചൂട്ട് സദ്യ, വൈകുന്നേരം നാലിന് പള്ളിയില്‍ നിന്നും ആഘോഷമായ റാസ കൊടിയിറക്ക്.
ചന്ദനപ്പള്ളി ഓര്‍ത്തഡോക്സ് പള്ളി
ചന്ദനപ്പള്ളി: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന ആഗോള തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് കൊടിയേറി. രാവിലെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിമിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന മൂന്നിന്മേല് കുര്‍ബാനയ്ക്ക് ശേഷം പള്ളിയങ്കണത്തിലെ സ്വര്‍ണ കൊടിമരത്തിലാണ് കൊടി ഉയര്‍ത്തിയത് .
വികാരി ഫാ. സുനില്‍ ഏബ്രഹാം, സഹവികാരി ഫാ. ജോബിന് യോഹന്നാൻ, ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, കുര്യന് വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ സഹകര്‍മികരായിരുന്നു.
യുവജന പ്രസ്ഥാനത്തിന്റെ വിളംബര റാലിയോടനുബന്ധിച്ചു കുരിശടികളിലും ഭവനങ്ങളിലും കൊടി ഉയര്‍ത്തി. തീര്‍ഥാടന വാരാചരണവും ജോര്‍ജിയന്‍ യുവതി സമാജത്തിന്റെ സഹായ പദ്ധതി ഉദ്ഘാടനവും മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
കല്‍ക്കുരിശടിയില്‍ ഉയര്‍ത്തുന്നതിനുള്ള കൊടിമരം ഇടഭാഗം കരയിലെ വിളയില്‍ പുത്തന്‍വീട്ടില്‍ ജോസ്മോന്റെ ഭവനത്തില്‍ നിന്നും ആഘോഷപൂര്‍വമായിട്ടാണ് എടുത്തത്. കല്‍ക്കുരിശടിയില്‍ എത്തിച്ച കൊടിമരത്തെ പരമ്പരാഗത രീതിയില്‍ ചെത്തിയൊരുക്കിയും മാവില ചാര്‍ത്തിയും അലങ്കരിച്ചു. പെരുന്നാളിന്റെ പ്രധാന ദിനങ്ങള്‍ മേയ് ഏഴ്, എട്ട് തീയതികളിലാണ്.
മൈലപ്ര ഓര്‍ത്തഡോക്സ് പള്ളി
മൈലപ്ര: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നാളിന് കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത കൊടിയേറ്റി. കുര്‍ബാനയ്ക്ക് വലിയ മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണത്തിനുശേഷം പള്ളിയുടെ സ്വര്‍ണക്കൊടിമരത്തില്‍ കൊടിയേറ്റ് നടന്നു.
ഉച്ചകഴിഞ്ഞ് ഇടവകയിലെ എല്ലാ കുരിശടികളിലും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കൂടെ നടന്ന റാലിക്ക് ശേഷം കൊടിയേറ്റ് കര്‍മം നടന്നു. മേയ് ആറ്, ഏഴ് തീയതികളിലാണ് പ്രധാന പെരുന്നാൾ. ഇടവക വികാരി ഫാ. തോമസ് കെ. ചാക്കോ, സഹവികാരി ഫാ. റിജോ സണ്ണി വര്‍ഗീസ്, ട്രസ്റ്റി കെ.കെ. മാത്യു, സെക്രട്ടറി ആകാശ് മാത്യു വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ബിജു സാമുവേൽ, ലിന്റോ എം. ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
തച്ചമം സെന്റ് ജോസഫ് പള്ളിയില്‍
പുറമറ്റം: തച്ചമം സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശ ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് നിര്‍വഹിച്ചു. യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷം ഇന്നു മുതല്‍ നടക്കും.
ഇന്നു മുതല്‍ 30 വരെ വൈകുന്നേരം ഇടവക നവീകരണ ധ്യാനം ഫാ.തോമസ് കാഞ്ഞിരത്തിങ്കൽ, ഫാ.ചെറിയാന് മാമ്പ്രക്കുഴി, ഫാ.സാബു കുളങ്ങര, ഫാ.ജോസ് തൈപ്പറമ്പില്‍ എന്നിവര്‍ നയിക്കും.
മേയ് മൂന്നിനു വൈകുന്നേരം ആറിന് ചീങ്കപ്പാറ കുരിശടിയില്‍ നിന്നു റാസ. നാലിന് തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ബഥനി സന്യാസസമൂഹം സുപ്പിരീയര്‍ ജനറാള്‍ ഫാ.ഡോ.ഗീവര്‍ഗീസ് കുറ്റിയില്‍ കാര്‍മികത്വം വഹിക്കും.
സെന്റ് പീയൂസ് പള്ളിയില്‍
കൂടൽ: സെന്റ് പിയൂസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി തിരുനാളിന് ഇടവക വികാരി ഫാ. വര്‍ഗീസ് കൂത്തനേത്ത് കൊടിയേറ്റി. ഫാ. ചാക്കോ തടത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. ഭക്തസംഘടനകളുടെ വാര്‍ഷികം ഫാ. സ്ലീബാദാസ് ചരിവുപുരയിടത്തില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വര്‍ഗീസ് കൂത്തനേത്ത് അധ്യക്ഷത വഹിച്ചു. ഇന്നും നാളെയും വൈകുന്നേരം 5 .30 ന് കുര്‍ബാന. തുടര്‍ന്ന് ധ്യാനപ്രസംഗം.
ഫാ. ഫെലിക്സ് പത്യാല, ഫാ. ജോസഫ് സദനം എന്നിവര്‍ നേതൃത്വം നല്‍കും. 30 നു വൈകുന്നേരം അഞ്ചിന് സെന്റ് ജൂഡ് ദേവാലയത്തില്‍ ലാറ്റിന്‍ ക്രമത്തില്‍ കുര്‍ബാന. ഫാ. മൈക്കിള്‍ ബെനഡിക്ട് കാര്‍മികത്വം വഹിക്കും.ആറിനു റവ. ഡോ. ജോര്‍ജ് തോമസ് കൊച്ചുവിളയില്‍ തിരുവചന സന്ദേശം നല്‍കും.
തുടര്‍ന്ന് കൂടല്‍ ജംഗ്ഷന് വഴി പള്ളിയിലേക്ക് റാസ. മേയ് ഒന്നിനു രാവിലെ എട്ടിന് പ്രഭാത പ്രാര്‍ഥന. 8.30 ന് തിരുനാള്‍ കുര്‍ബാന. നവവൈദികരായ ഫാ. ഹാനോക്ക് വാലുതുണ്ടിൽ, ഫാ. ഏബ്രഹാം ഉഴത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കൊടിയിറക്ക്, നേര്‍ച്ചവിളമ്പ്.