കരിമ്പു കൃഷിയില്‍ വ്യാപൃതനായി ജില്ലാ പ്രസിഡന്റ്
1546180
Monday, April 28, 2025 3:32 AM IST
പത്തനംതിട്ട: തൊഴില്‍ രഹിതരാക്കിയ ഇടത് സര്‍ക്കാര്‍ നടപടി മൂലം പൊറുതിമുട്ടിയ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കാര്‍ഷിക മേഖലയെ ഉപജീവനമാക്കുകയാണ്. ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് തോമസുകുട്ടി തേവരുമുറിയില്‍ തന്റെ ഉമസ്ഥതയിലുള്ള പടിഞ്ഞാറ്റ് ഓതറയിലെ പത്ത് ഏക്കര്‍ ഭൂമിയില്‍ ജൈവ കരിമ്പിന് കൃഷി ചെയ്ത് നൂറു കണക്കിന് കരാറുകാര്‍ക്കാണ് മാതൃക കാട്ടുന്നത്.
വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. മേയ് 15ന് ആലപ്പുഴ കൃഷി വിജ്ഞാന് ഭവനില്‍ നടക്കുന്ന കാര്‍ഷിക മേഖലയിലെ സംരംഭകത്വ സാധ്യതകളെ പറ്റിയുള്ള സെമിനാറില്‍ ജൈവ ശര്‍ക്കരയുടെ വിപണനോദ്ഘാടനം നടക്കുമെന്ന് തോമസുകുട്ടി തേവരുമുറിയില്‍ പറഞ്ഞു.
തോമസുകുട്ടി തേവരുമുറിയില്‍ ഇതിന് മാതൃക കാട്ടുകയാണ്. പമ്പാനദിക്കും മണിമലയാറിനും മധ്യേ സ്ഥിതി ചെയ്യുന്ന വളക്കൂറുള്ള ഭൂമിയില്‍ വരട്ടാറിനോടു ചേര്‍ന്നാണ് തോമസുകുട്ടിയുടെ കൃഷിയിടം. പൂര്‍വികരെ മാതൃകയാക്കി വ്യാപകമായ രീതിയില്‍ കരിമ്പ് കൃഷി ആരംഭിച്ച ശേഷം ജൈവവളം ഉണ്ടാക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്.
ശരക്കര, തൈര്, പഴം, വിവിധതരം ധാന്യപ്പൊടികൾ, ചാണകം, കോഴിക്കാഷ്ടം, പിണ്ണാക്ക് എന്നിവ അടങ്ങിയ മിശ്രിതം തയാറാക്കി മൂന്നാഴ്ചയോളം കെട്ടിവച്ച് ഉണ്ടാക്കിയ ജൈവ വളമാണ് കൃഷിക്ക് ഉപയോഗിച്ചത്. വളത്തിന്റെ മികവില്‍ കൃഷി തഴച്ചു വളര്‍ന്നു. സാധാരണ കരിമ്പിന് തണ്ടിന് 5, 6 അടിയാണ് നീളമെങ്കില്‍ തോമസുകുട്ടി വിളവെടുത്ത കരിമ്പിന് തണ്ടിന് 10 അടിയില്‍ അധികമാണ് ഉയരം. കൃഷിക്ക് സഹായിയായി സിവില്‍ എന്‍ജിനിയറിംഗില്‍ എംടെക് പാസായ മകന് റ്റിറ്റിന്‍ കൂടി ചേര്‍ന്നതോടെ കാര്‍ഷിക മേഖല തളിര്‍ത്തു.
ജൈവകൃഷിയിലൂടെ കയറ്റുമതി സാധ്യത തേടും
പൂര്‍ണമായും ജൈവ കൃഷിയും ഉത്പന്നങ്ങളുടെ സംസകരണവും കയറ്റുമതിയും ലക്ഷ്യമിട്ട് കരാറുകാര്‍ കാര്‍ഷിക മേഖലയില്‍ ചുവടുറപ്പിക്കുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളില്‍ പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ദ്വിദിന സമ്മേളനം കായംകുളം കൃഷി വിജ്ഞാന് കേന്ദ്രത്തില്‍ നടന്നു. ഗവണ്മെന്റ് കോണ്‍ട്രേക്ടേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ കാര്‍ഷിക മേഖലയിലെ നൂതന തൊഴില്‍ സാധ്യതകളെപ്പറ്റി പ്രത്യേക ക്ലാസുകള്‍ ക്രമീകരിച്ചിരുന്നു.
നബാര്‍ഡ് പ്രതിനിധികൾ, കാര്‍ഷിക മേഖലയിലെ വിദഗ്ധർ, കാര്‍ഷിക സംഘടനകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മേയ് 10, 11 തീയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കുന്ന കര്‍ഷക മഹാ പഞ്ചായത്തില്‍ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയെഷനില് നിന്നും 10 പ്രതിനിധികള്‍ പങ്കെടുക്കും.