കോടികള്‍ ചെലവഴിച്ചുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും പര്യടനം അപഹാസ്യമെന്ന് പുതുശേരി
1546187
Monday, April 28, 2025 3:32 AM IST
തിരുവല്ല: സാമ്പത്തിക പ്രതിസന്ധിയെന്നു നാഴികയ്ക്കു നാല്പതുവട്ടം ആവര്‍ത്തിക്കുകയും അതിന്റെ പേരില്‍ അടിസ്ഥാന വര്‍ഗത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുകയും കുടിശിക വരുത്തുകയും വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ട് ഇല്ലാത്ത ഭരണ നേട്ടത്തെക്കുറിച്ച് വീമ്പടിക്കാന്‍ മുഖ്യമന്ത്രിയും സംഘവും നടത്തുന്ന പര്യടനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള ധൂര്‍ത്തും ദുര്‍വ്യയവും ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്നു കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി.
ഒമ്പതു വര്‍ഷത്തെ ഭരണം പൂര്‍ത്തീകരിക്കുമ്പോള്‍ ഇവര്‍ തന്നെ അഴിമതി ആരോപണങ്ങള്‍ അടക്കം ഉന്നയിച്ച് തടയാന്‍ ശ്രമിച്ചിട്ടും ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തി കൊണ്ട് തുടങ്ങിവച്ച പദ്ധതികളുടെ പൂര്‍ത്തീകരണമല്ലാതെ സ്വന്തമായ ഒരു പദ്ധതി പോലും ചൂണ്ടിക്കാണിക്കാന്‍ ഇല്ലാത്ത ഭരണ പരാജയത്തിന്റെ മകുടോദാഹരണമായി മാറിയ സര്‍ക്കാരാണ് ഭരണ നേട്ടങ്ങള്‍ എന്നു പറഞ്ഞ് വീമ്പു പറയാന്‍ ഇറങ്ങിയിരിക്കുന്നതെന്നും പുതുശേരി പറഞ്ഞു.
കോടികള്‍ മുടക്കി സൃഷ്ടിക്കുന്ന മായാ പ്രപഞ്ചത്തില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധത മറച്ചും മായിച്ചും കളയാമെന്ന തന്ത്രം വ്യാമോഹമായി അവശേഷിക്കുകയേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.