വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം ഡോ. സോണിയ ചെറിയാന്
1545536
Saturday, April 26, 2025 3:52 AM IST
പത്തനംതിട്ട: പ്രവാസി സംസ്കൃതി അസോസിയേഷന്റെ 2024ലെ മഹാകവി വെണ്ണിക്കുളം ഗോപാലകുറുപ്പ് സ്മാരക പുരസ്കാരം എഴുത്തുകാരിയായ ലെഫ്. കേണൽ ഡോ. സോണിയ ചെറിയാന്റെ സ്നോ ലോട്ടസ് എന്ന നോവലിന് ലഭിച്ചു.
10,001 രൂപയും മഹാകവിയുടെ പേരിലുള്ള ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മേയ് ഒന്പതിനു രാവിലെ 10 ന് വെണ്ണിക്കുളം സെന്റ് ബെഹനാൻസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മാനിക്കും.
കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശിനിയാണ് ഡോ. സോണിയ ചെറിയാൻ. സാഹിത്യകാരിയും നോവലിസ്റ്റുമായ സോണിയ ചെറിയാൻ ഇൻഡ്യൻ കരസേനയുടെ ലെഫ്. കേണലായി വിരമിച്ചു.
ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം തുടങ്ങി നിരവധി നോവലുകളുടെയും പുസ്തകങ്ങളുടെയും ഗ്രന്ഥകർത്താവാണ്. ഡോ. സജി ചാക്കോ, ബിജു ജേക്കബ് കൈതാരം, സാമുവേൽ പ്രക്കാനം എന്നിവർ പത്രസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപനം നടത്തി.