അയിരൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനു കസ്തൂരിരംഗന്റെ കൈയൊപ്പ്
1545749
Sunday, April 27, 2025 4:04 AM IST
കോഴഞ്ചേരി: ബഹിരാകാശ ഗവേഷണ രംഗത്ത് സമാനതകളില്ലാതെ സംഭാവനകള്‍ നല്കിയ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് അന്തരിച്ച കെ. കസ്തൂരിരംഗന്റെ ദീപ്തമായ സ്മരണകള്‍ അയിരൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ഇപ്പോഴുമുണ്ട്.
2003 -2009 കാലയളവില്‍ രാജ്യസഭാ അംഗമായിരുന്ന കസ്തൂരിരംഗന്റെ ആസ്തിവികസനഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയാണ് അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ കായികപ്രേമികളുടെ സ്വപ്നമായ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി ചെലവിട്ടതെന്ന് അയിരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് പ്രസാദ് കൈലാത്ത് പറഞ്ഞു.
അയിരൂര്‍ സ്വദേശിയും കസ്തൂരിരംഗന്റെ അടുത്ത സുഹൃത്തുമായിരുന്ന അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ടി.കെ.എ. നായരാണ് കസ്തൂരിരംഗന്‍ എംപിയുടെ ആസ്തിവികസനഫണ്ടില്‍ നിന്നുള്ള തുക പഞ്ചായത്ത് സ്റ്റേഡിയത്തിനുവേണ്ടി നല്കാന് നടപടികള്‍ സ്വീകരിച്ചതെന്ന് പ്രസാദ് പറഞ്ഞു.
പണം അനുവദിക്കാനുള്ള നിർദേശം കസ്തൂരിരംഗൻ ഒപ്പിട്ടു നൽകുകയായിരുന്നു. കസ്തൂരിരംഗന്റെ ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം മണ്ണിട്ടു നിരപ്പാക്കിയത്.
അയിരൂര്‍ പഞ്ചായത്തിന്റെ കായിക സംസ്കാരത്തിനും വളര്‍ന്നുവരുന്ന തലമുറയ്ക്കും കസ്തൂരിരംഗന്‍ എന്ന ബഹുമുഖ പ്രതിഭയുടെ കൈയൊപ്പുകൂടി തങ്ങളുടെ ഗ്രാമത്തിനുണ്ടായിരുന്നത് ഏറെ അഭിമാനകരമാണെന്നും പ്രസാദ് കൈലാത്ത് പറഞ്ഞു.