അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിലെ തടയണ ഒലിച്ചുപോയി
1546191
Monday, April 28, 2025 3:44 AM IST
കോന്നി: കനത്ത മഴയേ തുടര്‍ന്ന് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തടയണ ഒലിച്ചുപോയി. കല്ലാറ്റില്‍ ജല നിരപ്പ് താഴുമ്പോള്‍ കടവിലെ ജല നിരപ്പ് ഉയര്‍ത്തുന്നതിനായി നിര്‍മിച്ച തടയണ അശാസ്ത്രീയമായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തടയണയ്ക്ക് ബലക്ഷയവും സംഭവിച്ചിരുന്നു. മുമ്പ് മണല്‍ ചാക്കുകള്‍ നിറച്ചതിനു ശേഷമായിരുന്നു തടയണ നിര്‍മിച്ചിരുന്നത്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തുഴച്ചില്‍ തൊഴിലാളികളെ കൊണ്ട് വനപാലകര്‍ ചാക്ക് നിറപ്പിച്ച് അടുക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ കുറച്ചു കാലങ്ങളായി മണ്ണ് കൂനകൂട്ടി തടയണ നിര്‍മിക്കുകയാണ് ചെയ്യുന്നത്.
ഇത് തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍ ചെയ്യുന്നതിനാല്‍ തന്നെ ചെറിയ ഒരു മഴ പെയ്താല്‍ പോലും ഒഴുകിപ്പോകും. ഈ ഭാഗത്ത് സ്ഥിരം തടയണ വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
ശക്തമായ മഴ ലഭിച്ചെങ്കില്‍ മാത്രമേ അടവിയില്‍ കുട്ടവഞ്ചി സവാരി പൂര്‍ണ തോതില്‍ നടത്തുവാന്‍ കഴിയൂ. നദിയിലെ ജലനിരപ്പ് താഴ്ന്നാല്‍ കുട്ടവഞ്ചികള്‍ കല്ലില്‍ ഇടിച്ച് മറിയുവാനുള്ള സാധ്യത ഏറെയാണ്.
സ്ഥിരം തടയണ സംവിധാനം മാത്രമാണ് ഏക പോം വഴി. സീസണ് സമയത്തും അല്ലാതെയും മികച്ച വരുമാനമാണ കുട്ടവഞ്ചി സവാരിയിലൂടെ ലഭിക്കുന്നത്. എന്നാല്‍ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. അടവി കുട്ട വഞ്ചി സവാരി കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല എലിമുള്ളുംപ്ലാക്കല്‍ വന സംരക്ഷണ സമിതിക്കാണ്.
തടയണ നിര്‍മിക്കുവാന്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നു സഞ്ചാരികള്‍ പറയുന്നു. അവധിക്കാലമായതോടെ കുട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ നിരവധിയാളുകള്‍ എത്തുന്നുണ്ടെങ്കിലും വനംവകുപ്പോ ഇക്കോ ടൂറിസം അധികൃതരോ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.