വള്ളസദ്യകളുടെ ബുക്കിംഗ് 300 കടന്നു
1545751
Sunday, April 27, 2025 4:04 AM IST
കോഴഞ്ചേരി : ആറൻമുള വള്ളസദ്യകളുടെ ബുക്കിംഗ് 300 കടന്നു. ജൂലൈ 13 മുതൽ ഒക്ടോബർ രണ്ടുവരെയാണ് ആറന്മുളയിലെ വള്ളസദ്യക്കാലം. ഏപ്രിലിൽ തന്നെ ബുക്കിംഗ് 300 കടക്കുന്നത് ആദ്യമായിട്ടാണ്.
ആറന്മുള ക്ഷേത്രത്തിൽ ഭക്ത ജനങ്ങൾ നടത്തുന്ന പ്രധാന വഴിപാടാണ് വള്ളസദ്യ. പള്ളിയോടങ്ങളിൽ പമ്പാനദിയിൽക്കൂടി തുഴഞ്ഞെത്തുന്ന കരക്കാർക്ക് ക്ഷേത്രത്തിലെയും പരിസരങ്ങളിലുള്ള സദ്യാലയങ്ങളിലുമായി പ്രത്യേക ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്നതാണ് വള്ളസദ്യകൾ. ഇക്കൊല്ലം മുതൽ പ്രതിദിനം 15 വള്ളസദ്യകൾ വരെ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
കേരള ഹൈക്കോടതി നിർദേശ പ്രകാരം ദേവസ്വം ബോർഡ് രൂപീകരിക്കുന്ന വള്ളസദ്യ നിർവഹണ സമിതിയുടെ മേൽനോട്ടത്തിലാണ് വള്ളസദ്യകൾ നടത്തുന്നത്. ദേവസ്വം ബോർഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും നിയന്ത്രണത്തിൽ വള്ളസദ്യയ്ക്കുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
വിവിധ മേഖലകളിലുള്ള പ്രമുഖരായ വ്യക്തികൾ വള്ളസദ്യ വഴിപാട് നടത്തുന്നവരിലുൾപ്പെടുന്നു. 64 വിഭവങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ഉണ്ടാക്കുന്ന വള്ളസദ്യകൾ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി മൂന്നുലക്ഷത്തിൽപരം ആളുകൾ വള്ളസദ്യകളിൽ പങ്കെടുക്കും.
പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഈ വർഷം സെപ്റ്റംബർ 14 നാണ്. ആറന്മുള ക്ഷേത്രത്തിൽ എത്തുന്ന 52 പള്ളിയോട കരക്കാർക്കും ഭക്തജനങ്ങൾക്കും വിഭവ സമൃദ്ധമായ വള്ളസദ്യാണ് അന്നേ ദിവസം നടക്കുന്നത്. സെപ്റ്റംബർ ഒന്പതിന് ഉത്രട്ടാതി ജലോത്സവവും നടക്കും.