‘കാട്ടുമൃഗങ്ങളുടെ ഇറച്ചി’വില്പനയ്ക്കെത്തിച്ച സംഘം പോലീസ് നിരീക്ഷണത്തിൽ
1545753
Sunday, April 27, 2025 4:04 AM IST
കോഴഞ്ചേരി: കാട്ടുമൃഗങ്ങളുടേതെന്ന പേരിൽ വൻതുകയ്ക്ക് ഇറച്ചി വില്പന നടത്തി സാധാരണക്കാരെ കബളിപ്പിക്കുന്ന സംഘം പോലീസ് നിരീക്ഷണത്തിൽ. വണ്ടിപ്പെരിയാര്‍, പുല്ലുമേട് പ്രദേശങ്ങളില്‍ നിന്നും എത്തിക്കുന്ന കാട്ടുപോത്തിന്റെയും മ്ലാവിന്റെയും ഇറച്ചി എന്നുപറഞ്ഞാണ് സാധാരണക്കാരില്‍ നിന്നും വന്‍തുക ഈടാക്കി ഇറച്ചി വില്പന നടത്തുന്നത്.
കാട്ടുപോത്തിന്റെ ഇറച്ചി എന്നു പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു കിലോയുടെ പ്രത്യേകം പൊതിഞ്ഞ പായ്ക്കറ്റ് 900 രൂപയ്ക്കാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. പൊതി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പുല്ലാട്, കുമ്പനാട്, കോഴഞ്ചേരി, തിരുവല്ല പ്രദേശങ്ങളിലാണ് ഇതിന്റെ വില്പന വ്യാപകമായി നടക്കുന്നത്. കാട്ടിറച്ചിയോടൊപ്പം മ്ലാവിന്റേതെന്ന പേരിലുള്ള ഇറച്ചിയും വന്‍തുകയ്ക്കാണ് വിൽക്കുന്നത്.
വടശേരിക്കര, പമ്പ, ഗവി, വണ്ടിപ്പെരിയാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രഹസ്യ അനുമതിയോടെയാണ് കാട്ടുപോത്തുകളെയും മ്ലാവുകളെയും വെടിവച്ചു കൊന്ന് ഇറച്ചി പ്രത്യേകം പായ്ക്കു ചെയ്ത് ആള്‍ക്കാര്‍ക്ക് നല്‍കുന്നതെന്നാണ് സംഘാംഗങ്ങള്‍ പറയുന്നത്.
ഓട്ടോറിക്ഷകളിലാണ് ഇത് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. ആവശ്യക്കാരെ കണ്ടെത്തുന്നതിനും ജാഗ്രതയോടെ സാധനങ്ങള്‍ എത്തിക്കുന്നതിനും ഗ്രാമപ്രദേശങ്ങളില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും കാട്ടുപോത്തിന്റെയാണെന്നു പറഞ്ഞ് വിൽക്കുന്ന ഇറച്ചി മറ്റ് പല മൃഗങ്ങളുടേതുമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതോടെ സംഘം മുങ്ങുകയും ചെയ്തു.
ഉപഭോക്താക്കളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണം ഇത്തരം സംഘങ്ങള്ക്കുനേരേ തിരിഞ്ഞിരിക്കുന്നത്. വിശേഷദിവസങ്ങളിലും മറ്റും ഇരട്ടിവിലയ്ക്കാണ് വില്‍ക്കുന്നത്.