അഞ്ച് വയസ് ആകുന്പോഴും കോന്നി മെഡിക്കൽ കോളജിൽ കിടത്തിച്ചികിത്സ കിടപ്പിൽ തന്നെ
1545714
Sunday, April 27, 2025 3:47 AM IST
പത്തനംതിട്ട: മലയോര ജില്ലയുടെ ആരോഗ്യമേഖലയ്ക്കു പ്രതീക്ഷ നൽകി തുടക്കം കുറിച്ച കോന്നി സർക്കാർ മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങി അഞ്ചാംവർഷത്തിലേക്ക് പ്രവേശിക്കുന്പോഴും പൂർണസജ്ജമല്ല.
ഐപി, അത്യാഹിത വിഭാഗങ്ങളാണ് ഇപ്പോഴും പൂർണസജ്ജമാകാത്തത്. കോടികൾ ചെലവഴിച്ചുള്ള നിർമാണങ്ങളും ഉദ്ഘാടനങ്ങളും തകൃതിയായി നടക്കുന്പോഴും അടിയന്തരഘട്ടത്തിൽ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം കോന്നിയിൽ ഇപ്പോഴുമായിട്ടില്ല.
പ്രതിദിനം 1000 രോഗികൾ ഒപി വിഭാഗത്തിലെത്തുന്നുണ്ട്. എന്നാൽ 30 പേരെ മാത്രമേ ഇപ്പോഴും കിടത്തി ചികിത്സിക്കാറുള്ളൂ. ഇതിനുള്ള സംവിധാനമേ മെഡിക്കൽ കോളജിൽ ആയിട്ടുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. 300 കിടക്കകളുള്ള ആശുപത്രി കെട്ടിടം തുറന്നു നൽകിയതാണ്.
അത്യാഹിതവിഭാഗം ഉദ്ഘാടനം ചെയ്തുവെങ്കിലും അതും പൂർണസജ്ജമായിട്ടില്ല. ഡോക്ടർമാരുടെ അഭാവമാണ് പ്രധാന പ്രശ്നം. തസ്തികകൾ അനുവദിച്ചെങ്കിലും നിയമനം പൂർണമാകാത്തതിനാൽ ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഇല്ല. ക്വാർട്ടേഴ്സിന്റെ പണികൾ പൂർത്തിയാകാത്തതിനാൽ താമസസൗകര്യം ഇല്ലെന്ന പേരിലാണ് ഡോക്ടർമാർ കോന്നിയിലേക്കുള്ള നിയമനം സ്വീകരിക്കാത്തത്.
ഉന്നത നിലവാരത്തിലുള്ള സജ്ജീകരണങ്ങളാണ് മെഡിക്കൽ കോളജിൽ ഒരുക്കിയിരിക്കുന്നത്. സ്കാനിംഗ് സംവിധാനം, സർജറി യൂണിറ്റ്, ഐസിയു എന്നിവയെല്ലാം ആധുനിക സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവയുടെ പ്രവർത്തനം ഇനി രോഗികൾക്കു ലഭിച്ചു തുടങ്ങിയിട്ടില്ല. പീഡിയാട്രിക് ഐസിയുവില് 15 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഏറെ കാത്തിരിപ്പിനുശേഷം പോസ്റ്റുമോർട്ടം നടപടികൾ സമീപകാലത്ത് ആരംഭിച്ചു. എന്നാൽ പോലീസ് ഔട്ട്പോസ്റ്റ് ഉൾപ്പെടെ തുടങ്ങിയിട്ടില്ല. പ്രസവവാർഡും കുട്ടികളുടെ വാർഡും ഉടൻ തുറക്കുമെന്ന പ്രഖ്യാപനങ്ങളും പ്രാവർത്തികമായിട്ടില്ല.
ഉദ്ഘാടനം നടന്നത് 2020ൽ
2011ലെ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് അനുമതി ആകുകയും 2015ൽ തന്നെ ഓഫീസ് സംവിധാനങ്ങളടക്കം ആരംഭിക്കുകയും ചെയ്ത കോന്നി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകാരത്തിനു വേണ്ടി അന്നുതന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ പിന്നീടുവന്ന എൽഡിഎഫ് സർക്കാർ തുടർപ്രവർത്തനങ്ങൾ മെല്ലപ്പോക്കിലാക്കി.
പിന്നീട് 2019ൽ നിർമാണം വേഗത്തിലാക്കുകയും 2020 സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. ഐപി വിഭാഗം 2021 ഫെബ്രുവരി പത്തിന് ഉദ്ഘാടനം ചെയ്തു. എന്നാൽ ഇതേവരെയും ഇതു പൂർണസജ്ജമാക്കാൻ അധികൃതർക്കു കഴിയുന്നില്ല.
അത്യാഹിത, ഐപി വിഭാഗങ്ങളിലേക്കെത്താനുള്ള യാത്രാ ബുദ്ധിമുട്ടും കാരണമായി പറയുന്നു. മെഡിക്കൽ കോളജ് റോഡിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടേയുള്ളൂ. അടിയന്തരഘട്ടത്തിൽ ആംബുലൻസ് അടക്കമുള്ളവ എത്താനുള്ള ബുദ്ധിമുട്ടാണ് കാരണമായി പറയുന്നത്.
പദ്ധതികൾ സമയബന്ധിതമായില്ല
കോന്നി സർക്കാർ മെഡിക്കൽ കോളജ് ഒരു പതിറ്റാണ്ട് പിന്നിട്ട പദ്ധതിയാണെങ്കിലും ഇതിന്റെ പ്രയോജനം മലയോര ജനങ്ങൾക്കു ലഭിച്ചു തുടങ്ങിയിട്ടില്ലെന്ന് ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ റോബിൻ പീറ്റർ അഭിപ്രായപ്പെട്ടു. ഒപിയിൽ നിരവധി രോഗികളെത്തുന്നുണ്ട്. കിടത്തി ചികിത്സ ആവശ്യമുള്ളവരെ താലൂക്ക് ആശുപത്രിയിലേക്കടക്കം അയയ്ക്കേണ്ടിവരികയാണ്.
പത്തനംതിട്ട ജില്ലയിലെ ഇതര സർക്കാർ ആശുപത്രികളിൽ നിന്ന് ഇപ്പോഴും കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലേക്കാണ് രോഗികളെ റഫർ ചെയ്യേണ്ടിവരുന്നത്. സ്വന്തം നാട്ടിലെ മെഡിക്കൽ കോളജിലെ ചികിത്സയ്ക്കുള്ള പരിമിതിയാണ് ഇതിനു കാരണം. 300 മെഡിക്കൽ വിദ്യാർഥികൾ പഠിക്കാനുള്ളപ്പോഴും അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ കാട്ടുന്ന മെല്ലപ്പോക്ക് ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുമെന്ന് റോബിൻ പീറ്റർ അഭിപ്രായപ്പെട്ടു.
ശബരിമല തീർഥാടകരെയും മലയോര ജില്ലയെയും ലക്ഷ്യമിട്ടു ദീർഘവീക്ഷണത്തോടെ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ഒരു പദ്ധതിയാണ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
<b>300 കുട്ടികൾ
2022ലാണ് കോന്നി മെഡിക്കൽ കോളജിൽ ആദ്യ എംബിബിഎസ് ബാച്ച് എത്തുന്നത്. 100 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 300 കുട്ടികളെത്തി. ആദ്യബാച്ച് മൂന്നാം വർഷത്തിലെത്തി. അപ്പോഴും മെഡിക്കൽ കോളജിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടാത്തതും കൂടുതൽ രോഗികളെ കിടത്തി ചികിത്സിക്കാനാകാത്തതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.
നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രി കേന്ദ്രീകരിച്ചാണ് കുട്ടികളുടെ ക്ലിനിക്കൽ പഠനം. അനാട്ടമി വിഭാഗവും പൂർണസജ്ജമായിട്ടില്ല. അവസാനവർഷത്തിലേക്കു പ്രവേശിക്കുന്ന കുട്ടികൾക്കാവശ്യമായ പ്രാക്ടിക്കൽ സൗകര്യം ലഭ്യമാകേണ്ടതുണ്ട്. ക്ലിനിക്കൽ പഠനത്തിനും ക്രമീകരണം വേണം.
ഇക്കാര്യങ്ങളിലെ മെല്ലപ്പോക്ക് കുട്ടികളുടെ പഠനത്തെ ബാധിക്കും. കുട്ടികളുടെ ഹോസ്റ്റൽ, ലൈബ്രറി, ലാബ് എന്നിവയെല്ലാം സജ്ജമാണ്. എന്നാൽ ഒരു മെഡിക്കൽ കോളജിന്റെ അന്തരീക്ഷത്തിലേക്ക് കോന്നി ഇപ്പോഴും എത്തിയിട്ടില്ല. കാന്പസ് മാത്രമായി ഇത് ഒതുങ്ങുകയാണെന്ന് കുട്ടികൾ പറയുന്നു.
ഒരുവർഷം കൂടി കഴിയുന്പോഴേക്കും ഹൗസ് സർജൻസി സൗകര്യം കുട്ടികൾക്കു നൽകേണ്ടതുണ്ട്. പിന്നാലെ പിജി കോഴ്സുകൾ ആരംഭിക്കുമെന്നും പറയുന്നു. എന്നാൽ അടിസ്ഥാന സൗകര്യ വിപുലീകരണത്തിൽ സമയബന്ധിത നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.