മാര്‍പാപ്പ അനുസ്മരണത്തോടെ ചന്ദനപ്പള്ളി കത്തോലിക്കാ പള്ളി തിരുനാളിനു കൊടിയേറി
1546181
Monday, April 28, 2025 3:32 AM IST
ചന്ദനപ്പള്ളി: ആഗോള കത്തോലിക്കാ സഭ തലവനായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്മരണയ്ക്കു മുന്പില് ആദരാഞ്ജലികളും പ്രത്യേക പ്രാര്‍ഥനയും നടത്തി ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്കാ ദേവാലയത്തിലെ തിരുനാളിനു കൊടിയേറി.
ദേവാലയാങ്കണത്തിലെ സ്വര്‍ണക്കൊടിമരത്തില്‍ കര്‍ണാടക - പുത്തൂര്‍ രൂപതാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് കൊടിയേറ്റി. ഇടവക വികാരി ഫാ.ബെന്നി നാരകത്തിനാൽ, ഫാ. സനു സാം തെക്കേക്കാവിനാല് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
രാവിലെ മെത്രാപ്പോലീത്തയെ ദേവാലയ കവാടത്തില്‍ വികാരി ഫാ. ബെന്നി നാരകത്തിനാല്‍ മെഴുകുതിരി നല്കി ദേവാലയത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കുര്‍ബാന നടന്നു. ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ് വിശ്വാസികളുടെ വണക്കത്തിനായി ദേവാലയ മദ്ബഹയുടെ സമീപം പ്രതിഷ്ഠിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണ യോഗവും തീര്‍ഥാടന വാരാഘോഷ ഉദ്ഘാടനവും ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് നിര്‍വഹിച്ചു. അനുസ്മരണ പ്രമേയം തിരുനാള്‍ പ്രോഗ്രാം കണ്‍വീനര്‍ ബാബു കെ. പെരുമല അവതരിപ്പിച്ചു. വള്ളിക്കോട് പഞ്ചായത്ത് അംഗം തോമസ് ജോസ് അയ്യനേത്ത്, സെക്രട്ടറി ഫിലിപ്പ് കിടങ്ങില്‍ എന്നിവര്‍ പ്രസംഗിച്ചു. യ് 6,7 തീയതികളാണ് പ്രധാന തിരുനാൾ.
ഏഴിന് ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുസ്മരണ റാലിയില്‍ സാമൂഹ്യ സാംസ്കാരിക മത- നേതാക്കള്‍ തീര്‍ഥാടകരോടൊപ്പം പങ്കു ചേരും. തിരുനാള്‍ മേയ് 11 ന് അപ്പസ്തോലിക നുണ്‍ഷോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് പനംതുണ്ടില്‍ കൊടിയിറക്ക് ചടങ്ങ് നിര്‍വഹിക്കുന്നതോടെ സമാപിക്കും.