മൃഗവേട്ടയ്ക്കായി വനത്തിനുള്ളില്‍ കടന്ന സംഘത്തിലെ രണ്ട് പേര് അറസ്റ്റില്‍
1546195
Monday, April 28, 2025 3:44 AM IST
ചിറ്റാർ: മൃഗവേട്ടയ്ക്ക് നാടന്‍ തോക്കും മറ്റുമായി വനത്തിനുള്ളില്‍ കടന്ന മൂവര്‍ സംഘത്തിലെ രണ്ടുപേരെ വനപാലകസംഘം അറസ്റ്റ് ചെയ്തു. വടശേരിക്കര കുമ്പളത്താമണ്‍,അയത്തില്‍ രാജേഷ് (39), എഴുമറ്റൂര്‍ പനം പ്ലാക്കല്‍ എസ്. രാജേഷ് കുമാര്‍ (34) എന്നിവരാണ് പിടിയിലായത്. വാളക്കുഴി പനംപ്ലാക്കല്‍ എ.സി. സുരേഷ് ഓടി രക്ഷപ്പെട്ടു.
ചിറ്റാര്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി. എസ്. അഭിലാഷ് നല്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ പെരുനാട് പോലീസ് കേസെടുത്തു. കസ്റ്റഡിയിലായ രണ്ടുപേരുടെ കൈയില്‍ നിന്നും നാല് ഈയ ഉണ്ടകളും, 100 ഗ്രാം വെടി മരുന്നും പിടിച്ചെടുത്തു.
വടശേരിക്കര റേഞ്ച് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ഒളികല്ല് വനമേഖലയില്‍ വേട്ടക്കെത്തിയ സംഘത്തെ കണ്ടെത്തിയത്. പെരുനാട് എസ്ഐ എ. അലോഷ്യസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഓടിപ്പോയ സുരേഷ് ഒന്നാം പ്രതിയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.