നിയന്ത്രണംവിട്ട ജീപ്പ് വൈദ്യുത തൂണില്‍ ഇടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്
1546186
Monday, April 28, 2025 3:32 AM IST
പത്തനംതിട്ട: മലയാറ്റൂര്‍ തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണംവിട്ട് വൈദ്യുത തൂണില്‍ ഇടിച്ചു.
കുടുങ്ങി കിടന്ന രണ്ടുപേരെ ഫയര്‍ഫോഴ്സ് സംഘം വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തു. വാന്‍ ഓടിച്ചിരുന്ന പത്തനംതിട്ട കുമ്പഴ നെടുമ്പുരത്തു റോബിന് റെജി (26), വെട്ടൂര്‍ വടക്കുപ്പുറം ദാവൂദ് കുട്ടി (75) എന്നിവരാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴഞ്ചേരി- പത്തനംതിട്ട പാതയില്‍ നന്നുവക്കാട്ട് ഇന്നലെ പുലര്‍ച്ചെ 4.45 ഓടെയാണ് അപകടം. വാഹനം ഓടിച്ച റോബിന് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞാണ് വാന്‍ നിന്നത്.
പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.